കൊല്ലം: സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വീരസവർക്കറുടെ വേഷത്തിലെത്തി കൈയ്യടി വാങ്ങി താരമായിരിക്കുകയാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർത്ഥ് മഹേഷ്. കരുനാഗപ്പളളി എസ്എൻ വിദ്യാപീഠം കല്ലേലിഭാഗം സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സിദ്ധാർത്ഥ് മഹേഷ് വീരസവർക്കറായി മാറിയത്. സവർക്കർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ഛായാചിത്രങ്ങളിലെ വേഷമായിരുന്നു അനുകരിച്ചത്. ജയിലിന്റെ അഴികളിൽ പിടിച്ചുനിൽക്കുന്ന സവർക്കറുടെ ദൃശ്യങ്ങൾ അതേപടി സിദ്ധാർത്ഥ് പകർത്തുകയായിരുന്നു.
ജയിലിന്റെ അഴികളായി സങ്കൽപിച്ച് രണ്ട് കമ്പുകൾ കൈയ്യിൽ പിടിച്ച് കൈയ്യിൽ വിലങ്ങണിഞ്ഞ് കൈയ്യും കാലുകളും ചങ്ങലകളിൽ ബന്ധിച്ചാണ് സിദ്ധാർത്ഥ് വേദിയിലെത്തിയത്. സെല്ലുലാർ ജയിൽ ആൻഡമാൻ എന്നും വിനായക് ദാമോദർ സവർക്കർ എന്നുമെഴുതിയ ചുവന്ന കാർഡും കഴുത്തിൽ തൂക്കിയിരുന്നു. സവർക്കറുടെ ചിത്രങ്ങളിലേതിന് സമാനമായ വട്ടക്കണ്ണടയും തൊപ്പിയും ധരിച്ചതോടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തമസ്‌കരിക്കപ്പെട്ട തിളങ്ങുന്ന നക്ഷത്രത്തിന്റെ യഥാർത്ഥ പുനരാവിഷ്‌കരണമായി സിദ്ധാർത്ഥ് മഹേഷിന്റെ വേഷപ്പകർച്ച മാറി.
സ്വാതന്ത്ര്യ സമരചരിത്രത്തിലെ ധീര ദേശാഭിമാനികളെയാണ് കുട്ടികൾ വേദിയിലെത്തിച്ചത്. സവർക്കറായ കുഞ്ഞ് സിദ്ധാർത്ഥിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറൽ ആയിക്കഴിഞ്ഞു. ഈ നാട് ഓർക്കാൻ വിട്ടുപോയ ഈ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ആ മനുഷ്യനെ ഇന്നത്തെ യുവ തലമുറ അവരിലൂടെ കാണിച്ചു തരുന്ന മനോഹര കാഴ്ചയാണെന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവെച്ചത്. യുവമോർച്ച ജില്ല സമിതി അംഗം ശംഭുവിന്റെ അനന്തിരവൻ ആണ് സിദ്ധാർത്ഥ് മഹേഷ്.
Discussion about this post