ന്യൂഡൽഹി : രാജ്യത്തെ 169 നഗരങ്ങളിൽ സിറ്റി ബസുകളുടെ എണ്ണം 10,000 ആയി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയായ ‘പിഎം ഇ-ബസ് സേവ’യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വിവരം വ്യക്തമാക്കിയത്.
57,613 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതിൽ 20,000 കോടി രൂപ കേന്ദ്രസർക്കാർ ധനസഹായമായി നൽകും.
ബസുകളുടെ സംഭരണം പിപിപി മാതൃകയിലായിരിക്കും. മത്സരാധിഷ്ഠിത ലേലം നടക്കുമെന്നും സ്വകാര്യ കമ്പനികൾക്ക് മുന്നോട്ട് വരാമെന്നും താക്കൂർ അറിയിച്ചു. പദ്ധതിയിലൂടെ 45,000 മുതൽ 55,000 വരെ ആളുകൾക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.
സംഘടിത ബസ് സർവീസ് ഇല്ലാത്ത നഗരങ്ങൾക്കായിരിക്കും പദ്ധതിയിൽ മുൻഗണന നൽകുക. നഗരത്തിലെ ബസ് സർവീസുകൾക്ക് 10 വർഷത്തേക്ക് ഈ പദ്ധതിയുടെ പിന്തുണ ലഭിക്കും. കേന്ദ്രഭരണ പ്രദേശങ്ങൾ, വടക്കുകിഴക്കൻ മേഖലകൾ, മലയോര സംസ്ഥാനങ്ങൾ എന്നിവയുടെ എല്ലാ തലസ്ഥാന നഗരങ്ങളും ഉൾപ്പെടെ മൂന്ന് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും.
Discussion about this post