പത്തനാപുരം: റോഡ് അനുവദിക്കാത്തതിൽ പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. മന്ത്രി മര്യാദ കാണിക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ രംഗത്ത് എത്തിയത്.
തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ല. പത്തനാപുരം ബ്ലോക്കിൽ പുതിയ റോഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 100 മീറ്റർ റോഡ് പോലും ഈ വർഷം അനുവദിച്ചിട്ടില്ല. മന്ത്രി ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ ആറ് കോടിയോളം രൂപ വികസനത്തിനായി അനുവദിച്ചിരുന്നു. എന്നാൽ ഇന്ന് ഇതല്ല അവസ്ഥ. റോഡ് വികസനത്തിനായി വേണ്ട രീതിയിൽ പണം അനുവദിക്കുന്നില്ല. 20 വർഷക്കാലം താൻ മന്ത്രിയായിരുന്നു. തനിക്ക് സീനിയോറിറ്റിയുണ്ട്. റോഡ് ആവശ്യങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ തന്നോട് ഈ മര്യാദ മുഹമ്മദ് റിയാസ് കാണിക്കണമെന്നും ഗണേഷ് കുമാർ വിമർശിച്ചു.
റോഡ് ഉദ്ഘാടന ചടങ്ങിൽ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്നത് ശരിയായില്ല. മന്ത്രിയായിരിക്കെ ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയ്യടിച്ച് അറിയിക്കണം. പോസ്റ്റിൽ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












