ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രിയ്ക്ക് തോന്നുന്നത് അദ്ദേഹം പറയട്ടെയെന്ന് അവര്‍ പറഞ്ഞു.
ചിലരുടെ ചാപല്യങ്ങള്ക്കനുസരിച്ച ജനാധിപത്യം പ്രവര്‍ത്തിക്കുന്നതെന്ന് ഇന്നലെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. പാര്‍ലമെന്റ് നടപടികള്‍ വീണ്ടും തടസ്സപ്പെടുന്നതില്‍ ദുഃഖമുണ്ടെന്ന് നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ പേരില്‍ നടപടികള്‍ തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ്സിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി കുറ്റപ്പെടുത്തിയിരുന്നു.
അതേ സമയം കേന്ദ്രമന്ത്രി വി.കെ സിങ്ങിനെ പുറത്താക്കുക, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഷ്ട്രീയ പകപോക്കല്‍ അവസാനിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം വെച്ചു. വി.കെ സിങ് നിരുപാധികം മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നീതി ലഭിക്കണമെന്ന മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് ഇരുസഭകളിലെ നടപടികള്‍ നിര്‍ത്തിവെച്ചു. സോണിയയുടെയും രാഹുലിന്റെയും വ്യക്തി താല്പര്യത്തിന് വേണ്ടിയാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നതെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന് ആരോപിച്ചു. ഇതെല്ലാം രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post