ഇസ്ലാമാബാദ്: കൊടും ഭീകരൻ യാസിൻ മാലികിന്റെ ഭാര്യയയെ ഇടക്കാല സർക്കാരിന്റെ ഭാഗമാക്കിയ പാകിസ്താൻ സർക്കാരിന്റെ നടപടിയെ വിമർശിച്ച് ജമ്മുകശ്മീർ ഡിജിപി. പാകിസ്താൻ എന്നും വിഘടവാദികൾക്കൊപ്പം നിൽക്കുമെന്ന സന്ദേശമാണ് ഇത് ഇന്ത്യയ്ക്ക് നൽകുന്നതെന്ന് മുൻ ജമ്മു കശ്മീർ ഡിജിപി ഷെഷ് പോൾ വൈദ് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ മനസ് ഒരിക്കലും മാറില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താന് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിലോ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലോ അല്ല ചിന്തയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജയിലിൽ കഴിയുന്ന കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ ഹുസൈൻ മുള്ളിക്കിനെ മനുഷ്യാവകാശം- സ്ത്രീ ശാക്തീകരണം എന്നിവയിൽ കാവൽ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കക്കറിന്റെ പ്രത്യേക ഉപദേഷ്ടാവായാണ് നിയമിച്ചത്.
മുഷാലിന്റെ ഭർത്താവും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) കമാൻഡറുമായ യാസിൻ മാലിക്, തീവ്രവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട് ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 2009-ൽ ഇസ്ലാമാബാദിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്, ചടങ്ങുകളിൽ പങ്കെടുക്കാൻ അന്ന് പാകിസ്താനിലെ ചില പ്രമുഖ രാഷ്ട്രീയ നേതാളും എത്തിയിരുന്നു.











