ന്യൂഡൽഹി : ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് താരത്തെ വിലക്കിയത്. 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ അത്‌ലറ്റാണ് ദ്യുതി. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന രണ്ട് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്.
ഡിസംബർ 5 നും 26 നുമാണ് ദേശീയ ഏജൻസി ദുതിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തിരുന്നത്. രണ്ട് പരിശോധനകളിലും ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഏഴ് ദിവസത്തിനകം ബി സാമ്പിൾ പരിശോധിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും ദ്യുതി തുടർ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല.
പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ 100 മീറ്റർ ദൂരം 11.17 സെക്കൻഡിൽ ഓടിയാണ് ദ്യുതി രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതാ അത്‌ലറ്റായി മാറിയത്. നിരോധനം നിലവിൽ വന്നതു മുതൽ ദ്യുതി പങ്കെടുത്ത മത്സരങ്ങളുടെ ഫലങ്ങളും മെഡലുകളും അസാധുവായി പ്രഖ്യാപിക്കുമെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി മേധാവി ചൈതന്യ മഹാജൻ അറിയിച്ചു. വിലക്കിനെതിരെ അപ്പീൽ നൽകാൻ ദ്യുതിക്ക് 21 ദിവസത്തെ സമയമുണ്ടായിരിക്കും.












