തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണൻ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച (07-09-2026) വൈകിട്ട് തിരുമലയിലെ വസതിയിൽ വീണതിനെ തുടർന്ന് ബോധക്ഷയമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി മാധ്യമ-രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ ആരംഭകാലം മുതൽ പത്രപ്രവർത്തന രംഗത്തുണ്ട്.
1954-ൽ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കുട്ടാവ് ഗ്രാമത്തിലാണ് ജനനം. 1968-ൽ തളിപ്പറമ്പിൽ ഗുരുജി ഗോൾവാൾക്കർ പങ്കെടുത്ത ആർഎസ്എസ് ശിബിരത്തിലൂടെ സംഘപ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടനായി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി കാസർകോട്, കണ്ണൂർ താലൂക്കുകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, യുവമോർച്ചയുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറി, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച സംഘാടകപാടവം തെളിയിച്ചു. പേരാവൂർ, കണ്ണൂർ നിയോജകമണ്ഡലങ്ങളിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തന രംഗത്തും സംഘടനാ തലത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ച അദ്ദേഹം ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ, കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫിലിം സെൻസർ ബോർഡ്, ടെലികോം അഡ്വൈസറി ബോർഡ്, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു.
കെ.ജി. മാരാരുടെ ജീവചരിത്ര ഗ്രന്ഥങ്ങളായ ‘കെ.ജി. മാരാർ: ഒരു സ്നേഹസാഗരം’, ‘കെ.പി. മാരാർ: മനുഷ്യപ്പറ്റിന്റെ പര്യായം’, കൂടാതെ ‘മറുപുറം’, ‘അടൽജി എന്ന വിസ്മയം’, ‘കേരളത്തിലെ രാഷ്ട്രീയ ചരിത്രം’ തുടങ്ങി ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്. ദീർഘകാലത്തെ പത്രപ്രവർത്തന പാരമ്പര്യത്തിന് കേരള നിയമസഭയുടെ പ്രത്യേക ആദരം ലഭിച്ചിട്ടുണ്ട്. ബി.കെ. ശേഖർ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.
പരേതയായ പ്രേമജയാണ് ഭാര്യ. മക്കൾ: പ്രകുല (ഏഷ്യാനെറ്റ്), മഞ്ഞില. മരുമകൻ: രതീഷ് (മാതൃഭൂമി ന്യൂസ്). പേരമക്കൾ: ഗൗതമി, ബാലാമണി.
രാവിലെ 8 മണി മുതൽ 11 മണി വരെ തൈക്കാട്ടുള്ള ജന്മഭൂമി ഓഫീസിലും തുടർന്ന് 11 മുതൽ 12 മണി വരെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലും പൊതുദർശനം നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ തിരുമല അരയല്ലൂരിലെ വസതിയിൽ (പ്രകുലം, എവിആർഎ ബി 4, വടകര നഗർ) എത്തിക്കുന്ന ഭൗതികദേഹം വൈകിട്ട് നാലിന് ശാന്തികവാടത്തിൽ സംസ്കരിക്കും.











