ശ്രീനഗർ: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ വൻ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകർത്തു. നിരോധിത ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ (HM) ഹൈബ്രിഡ് ഭീകരമൊഡ്യൂൾ തകർത്ത സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്ന് മുൻ ഭീകരനെ അറസ്റ്റ് ചെയ്തു. ഹന്ദ്വാര പൊലീസും 21 രാഷ്ട്രീയ റൈഫിൾസും 92 ബറ്റാലിയൻ സിആർപിഎഫും സംയുക്തമായി നടത്തിയ അതിവേഗ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഹന്ദ്വാര കുരുഹ്മുറ സ്വദേശിയായ മൻസൂർ അഹമ്മദ് ഭട്ട് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ചൈനീസ് നിർമ്മിത പിസ്റ്റളും രണ്ട് മാഗസിനുകളും 16 റൗണ്ട് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹന്ദ്വാര ടൗണിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് മുൻ ഭീകരനായ മൻസൂർ പിടിയിലാകുന്നത്. സാധാരണക്കാരുടെ ഇടയിൽ കഴിഞ്ഞ് ഭീകരസംഘടനകൾക്കായി രഹസ്യമായി പ്രവർത്തിക്കുന്ന ശൈലിയാണ് ‘ഹൈബ്രിഡ് ഭീകരർ’ പിന്തുടരുന്നത്. മുൻപ് രണ്ട് കേസുകളിൽ അറസ്റ്റിലായിട്ടുള്ള ഇയാൾ വീണ്ടും ഭീകരപ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു. പ്രതിക്കെതിരെ പോലീസിൽ പുതിയ കേസ് (FIR No. 232) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കശ്മീർ താഴ്‌വരയിൽ വീണ്ടും ഭീകരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഹാൻഡ്‌ലർമാർ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാസേനയുടെ ഈ നിർണായക വിജയം. മൻസൂറിന് നിർദ്ദേശങ്ങൾ നൽകിയിരുന്ന വിദേശ ഭീകരരെക്കുറിച്ചും ഇയാളുടെ കൂടെ പ്രവർത്തിക്കുന്ന മറ്റ് ശൃംഖലകളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












