ഗുരുവായൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കുഞ്ഞിക്കണ്ണന്മാരുടെയും രാധമാരുടെയും ചിത്രങ്ങളും വീഡിയോകളും കൊണ്ട് സോഷ്യൽ മീഡിയ നിറയുമ്പോൾ, അതിനിടയിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളുടെ തിരക്ക് ശാന്തമായി നിയന്ത്രിക്കുകയും പുഞ്ചിരിയോടെ വഴി കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോകളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും തരംഗമായി മാറുന്നത്. ഇതോടെയാണ് ഈ വൈറൽ ഓഫീസർ ആരെന്ന് തേടി സോഷ്യൽ മീഡിയ രംഗത്തെത്തിയത്.
പാലക്കാട് കുറ്റനാട് സ്വദേശിയായ അർജുനാണ് ഈ പുഞ്ചിരിയിലൂടെ തരംഗമായ പൊലീസ് ഉദ്യോഗസ്ഥൻ. പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാറിന്റെ അനിയനാണ് അദ്ദേഹം. ചെറുപ്പം മുതലേ നെഞ്ചിലേറ്റിയ പൊലീസ് ജോലി സ്വന്തമാക്കാൻ കഠിനമായി പരിശ്രമിച്ച അർജുന്റെ വിജയഗാഥയും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. 35,000-ത്തോളം ഉദ്യോഗാർത്ഥികൾ മാറ്റുരച്ച പരീക്ഷയിൽ 35-ാം റാങ്ക് നേടിക്കൊണ്ടാണ് അർജുൻ കേരള പൊലീസ് സേനയുടെ ഭാഗമായത്.
പരിശീലന ഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച അർജുൻ 2025-ൽ പാസിംഗ് ഔട്ട് പൂർത്തിയാക്കി ഔദ്യോഗിക സേവനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. നിലവിൽ തൃശൂർ കെ.എ.പി രണ്ടാം ബറ്റാലിയനിൽ ഉദ്യോഗസ്ഥനാണ് അദ്ദേഹം. യൂണിഫോമിലുള്ള അർജുന്റെ ചിത്രങ്ങളും വിശേഷങ്ങളും കാണികൾക്കിടയിൽ പെട്ടെന്ന് തരംഗമായെങ്കിലും, സോഷ്യൽ മീഡിയയിലെ ഈ താത്കാലിക ജനപ്രീതിയേക്കാൾ താൻ ആഗ്രഹിച്ച് നേടിയ ജോലിയെ ദൃഢതയോടും ആത്മാർത്ഥതയോടും കൂടി നിർവഹിക്കാനാണ് താൻ മുൻഗണന നൽകുന്നതെന്ന് അർജുൻ വ്യക്തമാക്കുന്നു.












