ന്യൂഡൽഹി: ഗ്രീസ് സന്ദർശിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 40 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. നിരവധി നിർണായക കരാറുകളിലാണ് ഗ്രീസ് സന്ദർശനത്തിനിടെ നരേന്ദ്രമോദി ഒപ്പുവയ്ക്കുക. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരം, നിക്ഷേപം,കുടിയേറ്റം, പ്രതിരോധ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസും നരേന്ദ്രമോദിയും ഒപ്പു വയ്ക്കുക. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് ഗ്രീസ് സന്ദർശനം.
ഗ്രീസ് തങ്ങളുടെ വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സ്വകാര്യവൽക്കരണത്തിന് ഇന്ത്യയുടെ സഹായം തേടുന്നുണ്ട്. ഈ അവസരത്തെ യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനകവാടമായാണ് വിലയിരുത്തുന്നത്. സന്ദർശനത്തിനിടെ മോദി, ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യും.
2021 ൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഗ്രീസ് സന്ദർശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര സൗരോർജ്ജ സഖ്യവുമാി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.
കാശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ഗ്രീസിനുള്ളത്. ഇതും ഇന്ത്യയെ ഗ്രീസിനോട് അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.
Discussion about this post