ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ജനധന യോജന അക്കൗണ്ടുകൾ 50 കോടി കടന്നു. എല്ലാവർക്കും ബാങ്കിംഗ് സേവനമെന്ന ലക്ഷ്യം വച്ച് 2014 ൽ മോദി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. 9 വർഷം കൊണ്ടാണ് 50 കോടിയെന്ന നേട്ടം പദ്ധതി സാക്ഷാത്കരിച്ചത്.
സർക്കാർ സബ്സിഡികളും പെൻഷൻ തുകകളും നേരിട്ട് അക്കൗണ്ടിലെത്തിക്കുക എന്നതായിരുന്നു ജനധന യോജന കൊണ്ട് ലക്ഷ്യമിട്ടത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചാൽ മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളൂ. സ്ത്രീകൾക്ക് അക്കൗണ്ടുകൾ ആരംഭിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമായി. ജനധന യോജന അക്കൗണ്ടുകളിൽ പകുതിയിലധികം അക്കൗണ്ടുകൾ സ്ത്രീകളുടെ പേരിലാണ്.
നിർണായക നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പകുതിയിലധികം അക്കൗണ്ടുകൾ രാജ്യത്തെ നാരീശക്തിയുടെ പേരിലാണെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 67 ശതമാനം അക്കൗണ്ടുകളും ഗ്രാമ , ഉപ നഗര പ്രദേശങ്ങളിലായതിനാൽ എല്ലാ വിഭാഗം ആളുകളിലേക്കും ഇത് എത്തുന്നുണ്ടെന്നത് ഉറപ്പു വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജനധന അക്കൗണ്ടുകളിൽ ആകെ രണ്ട് ലക്ഷം കോടിയുടെ ബാലൻസാണുള്ളത്. പൊതുമേഖല ബാങ്കുകളിൽ 39.1 കോടി അക്കൗണ്ടുകളും റീജിയണൽ റൂറൽ ബാങ്കുകളിൽ 9.3 കോടി അക്കൗണ്ടുകളും തുറന്നു. സ്വകാര്യ ബാങ്കുകളിൽ 1.42 കോടി അക്കൗണ്ടുകളാണ് ആരംഭിച്ചത്. സഹകരണ ബാങ്കുകളിൽ 19 ലക്ഷം അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ 59.39 ലക്ഷം അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഈ അക്കൗണ്ടുകളിൽ 2624 കോടിയുടെ നീക്കിയിരുപ്പാണുള്ളത്.
ജനധന യോജന ആരംഭിച്ചപ്പോൾ ഇത് നരേന്ദ്രമോദിയുടെ തട്ടിപ്പാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. മുൻ ധനമന്ത്രി പി. ചിദംബരമാണ് ജനധ യോജനക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാത്ത പദ്ധതിയാണിതെന്നും ചിദംബരം ആക്ഷേപിച്ചിരുന്നു.











