ഡല്‍ഹി: ഡല്‍ഹിയില്‍ ഇനിമുതല്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. മലിനീകരണം തടയുന്നതിനാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേ സമയം സര്‍ക്കാരിന്റെ വാഹന നിയന്ത്രണ ഫോര്‍മുലയ്ക്ക് എതിരെയും ദേശീയ ഹരിത ട്രിബ്യൂണല്‍ രംഗത്തെത്തി. ഒറ്റ-ഇരട്ട ഫോര്‍മുലയില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുന്ന രീതി ജനങ്ങളെ രണ്ടു വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് ഹരിത ട്രിബ്യൂണല്‍ പറയുന്നത്.
ജനുവരി ഒന്നു മുതല്‍ 15 വരെ ഒറ്റ-ഇരട്ട ഫോര്‍മുലയില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ നീക്കം. ഇങ്ങനെ ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ അനുവദിക്കുന്നതിലൂടെ തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് കേജ്രിവാള് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേ സമയം നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമ്പോള്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ആവശ്യമായ പൊതുഗതാഗത സംവിധാനം ഡല്‍ഹിയില്‍ ഇല്ലെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.
Discussion about this post