തിരുവനന്തപുരം: ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് രണ്ടു പേർ പിടിയിൽ. ഹരിയാനയിൽ നിന്നുളള സുനിൽ, സുമിത് കുമാർ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലാണ് സുനിൽ പരീക്ഷ എഴുതിയത്. സുമിത് കുമാർ പട്ടം സെന്റ് മേരീസ് സ്‌കൂളിലും.
ഹെഡ്‌സെറ്റും മൊബൈൽ ഫോണും ഉപയോഗിച്ചായിരുന്നു കോപ്പിയടി. വയറിൽ ബെൽറ്റ് കെട്ടി ഫോൺ സൂക്ഷിച്ചതിന് ശേഷം ചോദ്യങ്ങൾ ഫോണിലെ സ്‌ക്രീൻ വ്യൂവർ വഴി ഹരിയാനയിലെ സുഹൃത്തുക്കൾക്ക് അയച്ചു നൽകും. അതിന് ശേഷം ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതും.
വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്കുളള ടെക്‌നിക്കൽ സ്റ്റാഫിന്റെ നിയമനത്തിനായിട്ടാണ് പരീക്ഷ നടത്തിയത്. പ്ലസ് ടു ആയിരുന്നു യോഗ്യത. പരീക്ഷയ്ക്കിടെ കോപ്പിയടി നടക്കുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്.
മൊബൈൽ ഫോണിന്റെ ക്യാമറയുടെ ഭാഗം ബട്ടൻ ഹോളിനാട് ചേർത്തുവെച്ചു. ചോദ്യപേപ്പർ ബട്ടൻ ഹോളിലൂടെ മൊബൈലിലെ ക്യാമറ വഴി പകർത്തി ടീം വ്യൂവർ വഴി സുഹൃത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു.
ഒരാൾ എഴുപതോളം ചോദ്യങ്ങൾക്കും മറ്റൊരാൾ 30 ഓളം ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമായിരുന്നു അറസ്റ്റ്. മ്യൂസിയം പോലീസ് ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post