ന്യൂഡൽഹി: ചെങ്കണ്ണും കണ്ണിലെ മറ്റ് അണുബാധകളും മൂലം ചികിത്സ തേടുന്നവരുടെ എണ്ണം ഡൽഹിയിൽ വർദ്ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ധർ. മൺസൂണും പ്രളയവും ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റിച്ചതുമാണ് രോഗവ്യാപനം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ ഇത്തവണ ഉണ്ടായ വെള്ളപ്പൊക്കവും രോഗവ്യാപനത്തിന് കാരണമായി. അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത രീതിയിലുളള മൺസൂൺ മഴയാണ് ഡൽഹിയിൽ ഇക്കുറി ലഭിച്ചത്. അതും മറ്റൊരു കാരണമായി. ചെങ്കണ്ണിന് പുറമേ ടൈഫോയ്ഡ്, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിച്ചുവരുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം കാര്യങ്ങൾക്ക് സ്വയം ചികിത്സ നടത്തരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ടൈഫോയ്ഡ് ഉളളവർ ഡോക്ടറുടെ ഉപദേശം കൂടാതെ ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ അത് വിപരീതഫലം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ക്രമേണ ശരീരം മരുന്നുകളെ പ്രതിരോധിക്കാനുളള ശേഷി കൈവരിക്കും. അത് വലിയ ആപത്താണെന്നും ഡോക്ടർമാർ പറയുന്നു.
വൈറസ് മൂലമാണ് ഒരാൾക്ക് നേത്രരോഗം ഉണ്ടാകുന്നത്. ഡോക്ടറെ കാണാതെ സ്റ്റിറോയിഡ് അടങ്ങിയ തുളളിമരുന്നുകൾ ഉപയോഗിച്ചാൽ രോഗം നീണ്ടു നിൽക്കാനുളള സാദ്ധ്യതയുണ്ട്. ചെങ്കണ്ണ് വ്യാപിക്കാതിരിക്കാൻ ജനങ്ങൾ തന്നെ മുൻകരുതൽ എടുക്കുകയാണ് വേണ്ടതെന്നും ഡോക്ടർമാർ പറയുന്നു.
അണുബാധ ആളുകളിലേക്ക് പടരാതിരിക്കാൻ ചെങ്കണ്ണ് രോഗികളും ശ്രദ്ധിക്കണമെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.സുരഞ്ജിത് ചാറ്റർജി പറഞ്ഞു. അണുബാധ പിടിപെട്ടവർ സ്വയം ഐസൊലേഷനിൽ പോകുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതർ പതിവായി കൈകൾ കഴുകുക, കണ്ണുകളിലെ സ്പർശനം ഒഴിവാക്കുക, സ്വകാര്യവസ്തുക്കൾ പങ്കിടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. കണ്ണുകളിൽ ചുവപ്പ്, ചൊറിച്ചിൽ, കണ്ണിൽ നിന്നും വെള്ളം വരിക തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഉടനെ തന്നെ വൈദ്യസഹായം തേടണം. ഫോർട്ടിസ് എസ്‌കോർട്ട്‌സിലെ പൾമണോളജി സീനിയർ കൺസൾട്ടന്റ് ഡോ. അവി കുമാർ പറഞ്ഞു.
Discussion about this post