ദിസ്പുർ : ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ഏഷ്യൻ ആന ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അസമിലെ സോനിത്പൂരിൽ വസിച്ചിരുന്ന ബിജുലി പ്രസാദ് ആണ് ചരിഞ്ഞത്. ഈ ആനക്ക് 89 വയസിലേറെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്.
വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിൽ ആയിരുന്നു ഈ ആന കഴിഞ്ഞിരുന്നത്. വില്യംസൺ മഗോർ ഗ്രൂപ്പിന്റെ ബാർഗാംഗ് തേയില തോട്ടത്തിലേക്ക് ചെറിയ കുട്ടി ആയിരിക്കുമ്പോൾ വന്നുചേർന്നതാണ് ബിജുലി പ്രസാദ്. കമ്പനി ബർഗാംഗ് ടീ എസ്റ്റേറ്റ് വിറ്റതിന് ശേഷം പിന്നീട് ആനയെ ബെഹാലി തേയിലത്തോട്ടത്തിലേക്ക് കൊണ്ടുവരികയായിരുന്നു. സ്വൈരവിഹാരം നടത്തിയിരുന്ന ഈ തേയിലത്തോട്ടത്തിൽ വെച്ച് തന്നെയായിരുന്നു ബിജുലി പ്രസാദിന്റെ അന്ത്യവും.
വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങൾ ആണ് ആനയുടെ മരണകാരണം എന്ന് അധികൃതർ വ്യക്തമാക്കി. ബിജുലി പ്രസാദിനെ ഏറെ സ്നേഹിച്ചിരുന്ന അസമിലെ മൃഗസ്‌നേഹികൾ, തേയിലത്തോട്ടത്തിലെ തൊഴിലാളികൾ, പ്രദേശവാസികൾ തുടങ്ങി നിരവധി പേർ മരണപ്പെട്ട സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചു.
Discussion about this post