തൃശൂർ; പ്രശസ്ത എഴുത്തുകാരൻ എംടി വാസുദേവൻനായർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ കലാമണ്ഡലം സരസ്വതിയ്ക്കൊപ്പമാണ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രദർശനത്തിന് എത്തിയ അദ്ദേഹം തൊഴുത ശേഷം ഭണ്ഡാരത്തിൽ കാണിക്ക അർപ്പിക്കുകയും ആൾരൂപം സമർപ്പിക്കുകയും ചെയ്തു. മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഭഗവാന് ചാർത്തിയ കളഭവും പട്ടും പ്രസാദമായി നൽകി. ഇല്ലംനിറയുടെ കതിർ പ്രസാദവും ക്ഷേത്രം അധികൃതർ അദ്ദേഹത്തിന് നൽകി.
ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ എംടിയെ ദേവസ്വം ചെയർമാൻ ഡോ. വികെ വിജയനാണ് സ്വീകരിച്ചത്. നവതി നിറവിലായ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർരെ ഗുരുവായൂർ ദേവസ്വം ഭരണസമിതി ആദരിച്ചു. ഇന്നലെ വൈകിട്ട് ദർശനത്തിനെത്തിയ എം.ടിക്ക് ശ്രീവൽസം അതിഥിമന്ദിരത്തിലായിരുന്നു ആദരവ് നൽകിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ എം.ടി.യെ പൊന്നാടയണിയിച്ചു. നിലവിളക്ക് നൽകി. ചെയർമാൻ ഡോ.വി.കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി വിനയനും ചേർന്ന് രാധാമാധവം ചുമർച്ചിത്രവും സമ്മാനിച്ചു.
Discussion about this post