ന്യൂഡൽഹി : ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ബുധനാഴ്ച നിയമിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ വോട്ടർ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പുതിയ തീരുമാനം. ബുധനാഴ്ച സച്ചിനും തിരഞ്ഞെടുപ്പ് പാനലും തമ്മിൽ ധാരണാപത്രം ഒപ്പിടും. മൂന്ന് വർഷത്തെ കരാർ ആയിരിക്കും സച്ചിനും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഉണ്ടായിരിക്കുക. ഈ മൂന്നു വർഷങ്ങളിൽ സച്ചിൻ വോട്ടർമാരെ ബോധവത്കരിക്കുന്ന പ്രവർത്തനങ്ങൾ നടത്തും.
കൂടുതൽ യുവാക്കളെയും നഗരപ്രദേശങ്ങളിൽ ഉള്ളവരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുക എന്നുള്ളതാണ് സച്ചിൻ ടെണ്ടുൽക്കറെ ദേശിയ ഐക്കൺ ആക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ വോട്ടർമാരെ പ്രചോദിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ ഇന്ത്യക്കാരെ കമ്മീഷൻ ദേശീയ ഐക്കണുകൾ ആക്കിയിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംഎസ് ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയ പ്രമുഖർ ദേശീയ ഐക്കണുകളായിരുന്നു.
ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും യുവാക്കൾക്കിടയിലുള്ള സച്ചിന്റെ സ്വാധീനമാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി സച്ചിനെ ദേശീയ ഐക്കൺ ആയി തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിക്കുന്നത്. സച്ചിനുമായുള്ള സഹകരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് കാരണമായി മാറാമെന്ന് കമ്മീഷൻ പ്രതീക്ഷിക്കുന്നു.
Discussion about this post