വാഷിംഗ്ടൺ : അടുത്ത മാസം യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യ സന്ദർശിക്കും. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ജോ ബൈഡൻ ഇന്ത്യയിലെത്തുന്നത്. അടുത്ത മാസം ഏഴു മുതൽ പത്തു വരെയാകും ജോ ബൈഡൻ ഇന്ത്യയിലുണ്ടാവുക. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാൺ പിയറാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
നരേന്ദ്ര മോദിയുടെ ജി 20 നേതൃസ്ഥാനത്തിനുള്ള പ്രശംസ ജോ ബൈഡൻ അറിയിക്കുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. ഇന്ത്യയിൽ ജി 20 ഉച്ചകോടി നടക്കുന്ന സെപ്റ്റംബർ എട്ടു മുതൽ പത്ത് വരെയുള്ള ദിവസങ്ങളിൽ ഡൽഹി സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ജൊഹന്നാസ്ബെർഗിലാണുള്ളത്. 2020-ന് ശേഷം ആദ്യമായിട്ടാണ് ബ്രിക്സ് ഉച്ചകോടി നേരിട്ട് നടക്കുന്നത്. കൊവിഡ് ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലെയും ബ്രിക്സ് ഉച്ചകോടി ഓൺലൈനായാണ് നടന്നിരുന്നത്. ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ, ബ്രസീൽ എന്നീ 5 രാജ്യങ്ങളാണ് ബ്രിക്സിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ.
Discussion about this post