ഐസ്വാൾ : മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണ് 17 പേർ മരിച്ചു. ഐസ്വാളിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള നിർദിഷ്ട സൈരാംഗ്/സിഹ്മുയി റെയിൽവേ സ്റ്റേഷന് സമീപം നിർമാണത്തിലിരിക്കുന്ന റെയിൽ-റോഡ് പാലമാണ് തകർന്നുവീണത്. നാൽപതിലേറെ തൊഴിലാളികൾ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന സ്ഥലത്താണ് പാലം തകർന്നു വീണത്.
അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മിസോറാം മുഖ്യമന്ത്രി സൊറംതംഗ അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ എത്തിയ ആളുകൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
മിസോറാമിൽ ഉണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനങ്ങൾ രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു .
Discussion about this post