മുംബൈ : പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയം നേടിയാണ് ഗദാര്‍ 2 കുതിപ്പ് തുടരുന്നത്. ഇന്ത്യന്‍ തീയേറ്ററുകളെ ഇളക്കി മറിക്കാന്‍ ചെറിയ ഇടവേളയ്ക്ക് ശേഷം സണ്ണി ഡിയോളെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈകളും നീട്ടിയാണ് താരത്തെ സ്വീകരിച്ചിരിക്കുന്നത്. ചിത്രം റിലീസായി 12 ദിവസങ്ങള്‍ക്കകം 400 കോടി രൂപയാണ് ഇതുവരെ നേടിയ കളക്ഷന്‍. വരും ദിവസങ്ങളില്‍ സിനിമ ചരിത്രത്തിലേ സര്‍വ്വകാല റെക്കോര്‍ഡായ 500 കോടിയും മറികടക്കുമെന്നാണ് സൂചന. ബാഹുബലി 2, പത്താന്‍ എന്നീ രണ്ട് ചിത്രങ്ങളാണ് ഇതുവരെ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ഇവയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ് ഗദാറി 2 ന്റെ നിലവിലെ കുതിപ്പ്.
സണ്ണി ഡിയോളിന്റെ ഗദര്‍ 2 ആഭ്യന്തര ബോക്സ് ഓഫീസില്‍ 400 കോടി രൂപ പിന്നിട്ടു. ഇതോടെ 400 കോടി ക്ലബ്ബിലെ ഏക അംഗമാകാന്‍ ഗദാര്‍ 2 വിന് സാധിച്ചു. നിലവില്‍ 500 കോടി ക്ലബ്ബില്‍ ഇടം നേടിയ രണ്ട് ചിത്രങ്ങള്‍ക്ക് തൊട്ട് പിന്നിലാണ് ഗദാറിന്റെ സ്ഥാനം. ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ചിത്രം ബോക്‌സോഫീസില്‍ പിന്നിട്ട നാഴികക്കല്ലുകള്‍ പുറത്ത് വിട്ടത്. ‘ചിത്രം വെറും 3 ദിവസം കൊണ്ട് 100 കോടി, അടുത്ത രണ്ട് ദിവസം കൊണ്ട് 200 കോടി, 8 ദിവസം കൊണ്ട് 300 കോടി, ഏറ്റവും ഒടുവില്‍ 12 ദിവസം കൊണ്ട് 400 കോടി. അതായത് രണ്ടാഴ്ചയില്‍ താഴെ റണ്‍ടൈം പിന്നിട്ടു കൊണ്ട് പത്താന്‍, ബാഹുബലി 2 എന്നിവയുടെ ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷനുകളെ ഗദര്‍ 2 വെല്ലുവിളിക്കുന്നു’, തരണ്‍ ട്വീറ്റ് ചെയ്തു.
543.05 കോടി രൂപയോടെ പത്താനാണ് ഏറ്റവും ഉയര്‍ന്ന ആഭ്യന്തര കളക്ഷന്‍ നേടിയത്. തൊട്ട് പിന്നിലായി 510.99 കോടി രൂപ കളക്ഷന്‍ നേടി ബാഹുബലി 2: കണ്‍ക്ലൂഷനുമുണ്ട്.
ഗദാര്‍ 2 നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ഈ ആഴ്ച അവസാനത്തോടെ 500 കോടി കടന്നേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനി വരാന്‍ പോകുന്ന രണ്ട് വാരാന്ത്യങ്ങളും രക്ഷാബന്ധന്റെ മധ്യവാര അവധിയും ചിത്രത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അനില്‍ ശര്‍മ്മയുടെ 2001 ലെ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ റൊമാന്‍സ് ഗദര്‍: ഏക് പ്രേം കഥയുടെ തുടര്‍ച്ചയാണ് ഗദര്‍ 2. ചിത്രത്തില്‍ സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post