ന്യൂഡൽഹി : ചരിത്ര നേട്ടം സ്വന്തമാക്കി ഭാരതം ചന്ദ്രനിൽ. നീണ്ട കാത്തിരിപ്പും ചങ്കിടിപ്പും അവസാനിപ്പിച്ചു കൊണ്ട് ഭാരതം ഇതാ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്തിരിക്കുന്നു. 140 കോടി ജനങ്ങൾക്കും അഭിമാനമായി രാജ്യം ചന്ദ്രനിൽ തൊട്ടു. അമേരിക്ക സോവിയറ്റ് യൂണിയൻ ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ എത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാഷ്ട്രമെന്ന ചരിത്ര നേട്ടവും ഭാരതം സ്വന്തമാക്കി.
നാലു വർഷം മുൻപ് കൈവിട്ട് പോയ ലക്ഷ്യമാണ് ശാസ്ത്ര സമൂഹത്തിന്റെ കഠിന പ്രയത്നത്തിൽ ഇക്കുറി വിജയം വരിച്ചത്.വൈകിട്ട് 5.45 നാണ് വിക്രം എന്ന ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കുന്ന നടപടികൾ ആരംഭിച്ചത്. വൈകിട്ട് 6.04 ഓടെ ചന്ദ്രോപരിതലത്തിൽ വിക്രം കൃത്യമായി സോഫ്റ്റ് ലാൻഡിംഗ് നടത്തി. ജൂലായ് 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് മാർക്ക് 3 റോക്കറ്റിൽ കുതിച്ചുയർന്ന ചന്ദ്രയാൻ 3 പേടകം എല്ലാ പരീക്ഷണങ്ങളിലും വിജയം വരിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്.
ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഐ.എസ്.ആർ.ഒ മേധാവി എസ് . സോമനാഥ് നന്ദി പറഞ്ഞു. നമ്മുടെ കണ്മുന്നിൽ ഭാരതം ചരിത്രം രചിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു.
Discussion about this post