ന്യൂഡൽഹി : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും നാൽപ്പത്തിയൊന്ന് ദിവസത്തെ പ്രയാണത്തിനുമൊടുവിൽ ചാന്ദ്രയാൻ 3 സുരക്ഷിതമായി ചന്ദ്രനിൽ സേഫ് ലാന്റിംഗ് ചെയ്തിരിക്കുകയാണ്. ഈ അഭിമാന നിമിഷത്തിൽ സന്തോഷവും ആഹ്ലാദവും പങ്കുവെയ്ക്കുകയാണ് രാജ്യം. മറ്റൊരു രാജ്യത്തിനും എത്തിപ്പെടാൻ സാധിക്കാത്ത തലത്തിലാണ് ഇന്ത്യയിന്ന് എത്തിച്ചേർന്നിരിക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ചന്ദ്രനെ സ്പർശിക്കുക എന്നത് കഠിനമായ ദൗത്യമായിരുന്നെങ്കിൽ ഇനിയുള്ള ഒരു ചാന്ദ്ര ദിനം ( അതായത് ഭൂമിയിലെ 14 ദിവസം) വളരെ നിർണായകമാണ്. ലാൻഡർ ചന്ദ്രനിലിറങ്ങി മണിക്കൂറുകൾക്കകം തന്നെ വിക്രം ലാൻഡറിലെ റാംപ് തുറന്ന് പ്രഗ്യാൻ റോവർ പുറത്തുവന്നുകഴിഞ്ഞു. ഇനി റോവർ ചന്ദ്രനിലൂടെയുള്ള സഞ്ചാരം ആരംഭിക്കും. അതായത് ലാൻഡിംഗ് വളരെയധികം ശ്രദ്ധ നേടിയെങ്കിലും, അത് മാത്രമല്ല ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രയാൻ 3 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അവിടെ നിന്ന് ഡാറ്റകൾ ശേഖരിക്കുക എന്നതാണ്.
പ്രഗ്യാൻ റോവറിനാണ് ഇനിയുള്ള ജോലി. ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുകയും അവ ലാൻഡറിലേക്ക് കൈമാറുകയും ചെയ്യും. ലാൻഡർ അത് ഓർബിറ്ററിലേക്കും ഓർബിറ്റർ ഭൂമിയിലേക്കും ആ വിവരങ്ങൾ കൈമാറും. ലാൻഡറും റോവറും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇക്കാരണത്താൽ, അവർ പകൽ വെളിച്ചത്തിൽ എല്ലാ ഡാറ്റയും ശേഖരിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ മുദ്ര ചന്ദ്രനിൽ പതിപ്പിച്ചുകൊണ്ടാവും റോവറിന്റെ യാത്ര. ഇതിന്റെ ചക്രങ്ങളിൽ അശോക സ്തംഭവും, ഐഎസ്ആർഒയുടെ ചിഹ്നവും പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റോവർ പോകുന്നിടത്തെല്ലാം രാജ്യത്തിന്റെ മുദ്രയും പതിയും. ചന്ദ്രനിൽ നിന്നുളള വിവരങ്ങൾ അവിടുത്തെ അന്തരീക്ഷം, ജലസാന്നിദ്ധ്യം ധാതുക്കൾ എന്നിവയുടെ വിവരങ്ങൾ റോവർ കൈമാറും.
ഇത് കൂടാതെ ലാൻഡറിൽ 3 പേലോഡുകളുണ്ട്. ഈ പേലോഡുകൾ ചന്ദ്രന്റെ പുറംഭാഗവും ഘടനയും കണ്ടെത്തും. സാന്ദ്രത, താപനില, എന്നിവയെക്കുറിച്ചും ചന്ദ്രനിൽ ഭൂകമ്പങ്ങൾ ഉണ്ടാകുമോ ഇല്ലയോ തുടങ്ങിയ വിവരങ്ങളും ഇത് ശേഖരിക്കും. ലാൻഡറിൽ നിന്ന് നിശ്ചിത ദൂരത്തിൽ മാത്രമാണ് റോവർ സഞ്ചരിക്കുക.
14 ദിവസത്തിന് ശേഷം സൂര്യപ്രകാശം പോകുന്നതോടെ ഇവിടുത്തെ താപനില മൈനസ് 238 ഡിഗ്രിയിലേക്ക് താഴും. ഈ താപനിലയിൽ റോവറിന് പ്രവർത്തിക്കാനാകില്ല. വീണ്ടും സൂര്യപ്രകാശം വന്നതിന് ശേഷം ഇവയ്ക്ക് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.
Discussion about this post