ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നതിനാൽ ഇന്നത്തെ മത്സര ഫലം അപ്രസക്തമായിരുന്നു.
മത്സരം നടക്കാനുള്ള ഒരു സാദ്ധ്യതയും നൽകാതെ മഴ തകർത്തതോടെ ടോസ് പോലും ഇടാൻ നിൽക്കാതെ കളി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ ക്യാപ്ടൻ ജസ്പ്രീത് ബൂമ്രയും ഐറിഷ് ക്യാപ്ടൻ പോൾ സ്റ്റിർലിംഗും പരസ്പരം കൈ കൊടുത്ത് കൂടാരം കയറി. പരമ്പര വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങിയ ബൂമ്ര അത് സഹതാരങ്ങൾക്ക് കൈമാറി. ഇതോടെ ആഘോഷം തുടങ്ങിയ ടീം ഇന്ത്യ, ചന്ദ്രയാൻ-3ന്റെ വിജയവും ആഘോഷമാക്കി.
ബൂമ്രയുടെ അന്താരാഷ്ട്ര രംഗത്തേക്കുള്ള തിരിച്ചുവരവിന് വേദിയായ ആദ്യ മത്സരം മഴ നിയമ പ്രകാരം 2 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു. മത്സരത്തിൽ 24 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ ബൂമ്ര തിരിച്ചു വരവ് ആഘോഷമാക്കിയിരുന്നു. ബൂമ്ര തന്നെയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്.
രണ്ടാം മത്സരത്തിൽ 33 റൺസിന്റെ ആധികാരികമായ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അർദ്ധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്വാദിന് പിന്നാലെ റിങ്കു സിംഗിന്റെയും സഞ്ജു സാംസണിന്റെയും മിന്നുന്ന പ്രകടനങ്ങളും ഈ മത്സരത്തിൽ ഇന്ത്യക്ക് തുണയായിരുന്നു.
ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം ഏഷ്യാ കപ്പിൽ സെപ്റ്റംബർ 2ന് ബദ്ധവൈരികളായ പാകിസ്താനെതിരെയാണ്. ശ്രീലങ്കയിലെ പല്ലക്കീൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Discussion about this post