തിരുവനന്തപുരം: സോഷ്യൽ മീഡിയ താരം മീശ വിനീതിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവുമായി പോലീസ്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്താനുള്ള ആലോചന. ഇതിനോടകം തന്നെ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബലാത്സംഗ കേസിലായിരുന്നു ആദ്യമായി മീശ വിനീത് അറസ്റ്റിലായത്. സോഷ്യൽൽ മീഡിയയിൽ നിരവധി സ്ത്രീ ആരാധകരായിരുന്നു വിനീതിന് ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളുമായി സെക്‌സ് ചാറ്റ് ചെയ്യുകയും, വീഡിയോ കോൾ വിളിക്കുകയും ചെയ്യും. തുടർന്ന് ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും പീഡിപ്പിക്കുകയുമാണ് ഇയാളുടെ രീതി.
ബലാത്സംഗ കേസിലെ അറസ്റ്റിന് ശേഷം ജാമ്യത്തിലിറങ്ങിയിട്ടും മോഷണമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നു. പെട്രോൾ പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയ കേസിലും ഇയാൾ അറസ്റ്റിലായിരുന്നു. ഇതിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് യുവതിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലാകുന്നത്.
സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച സ്ത്രീയിൽ നിന്നും എട്ട് പവന്റെ ആഭരണങ്ങളാണ് തട്ടിയെടുത്തത്. കടമായി നൽകിയാൽ മതിയെന്നും പിന്നീട് തിരിച്ച് നൽകാമെന്നും വിനീത് പറഞ്ഞിരുന്നു. എന്നാൽ ലഭിക്കാത്തതിനെ തുടർന്ന് സ്ത്രീ തിരികെ ആവശ്യപ്പെടുകയായിരുന്നു. സ്വർണം നൽകാമെന്ന് വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു വിനീത് സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിച്ചത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
മോഷണം, പിടിച്ചുപറി എന്നിങ്ങനെ തിരുവനന്തപുരം ജില്ലയിലെ നാല് പോലീസ് സ്‌റ്റേഷനുകളിലായാണ് വിനീതിനെതിരെ കേസുകൾ ഉള്ളത്.












