യൂറോപ്പിൽ ഒരു ജോലിയും ജീവിതവും ഒക്കെ ആഗ്രഹിച്ചും സ്വപ്നം കണ്ടും കഴിയുന്നവർ ഇന്ന് നിരവധിയാണ്. മുൻ കാലഘട്ടങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് ഉണ്ടായിരുന്ന പ്രവാസ കുടിയേറ്റം ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കായി മാറിയിട്ടുണ്ട്. പക്ഷേ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ്, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകൾ. മികച്ച ജോലി, ഉയർന്ന ശമ്പളം, സമ്പന്നമായ വികസിത രാജ്യത്തുള്ള ജീവിതം ഇതൊക്കെ സ്വപ്നം കണ്ട് ഇത്തരം ചതിക്കുഴികളിൽ വീഴുന്നവർ നിരവധിയാണ്. ഇക്കഴിഞ്ഞ ദിവസമാണ് യൂറോപ്യൻ ജീവിതം സ്വപ്നം കണ്ട് ഒടുവിൽ ലിബിയയിലെ അടിമ ജീവിതത്തിൽ എത്തിപ്പെട്ട 17 ഇന്ത്യക്കാരെ രക്ഷിച്ച് തിരികെ നാട്ടിലെത്തിച്ചത്. പീഡനം, പട്ടിണി, മരണങ്ങൾ… അങ്ങനെ ഏതാനും നാളുകൾ കൊണ്ട് കടന്നുവന്ന നരക ജീവിതം ഓർത്തെടുക്കുകയാണ് അവരിൽ ചിലർ.
യൂറോപ്പിൽ ഒരു മികച്ച ജോലി വാഗ്ദാനം ചെയ്ത ഏജന്റിന്റെ വാക്ക് വിശ്വസിച്ച് പുതിയ സ്വപ്‌നങ്ങളുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് എസ് അൻദീപ് കുമാറും അദ്ദേഹത്തിന്റെ അനന്തരവൻ 21 കാരനായ ടോണിയും ഇന്ത്യ വിടുന്നത്. ഇറ്റലിയിൽ ഉയർന്ന ശമ്പളത്തോട് കൂടിയ ജോലിയായിരുന്നു ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ എത്തിപ്പെട്ടത് ഇറ്റലിയിൽ ആയിരുന്നില്ല. ആദ്യം ദുബായിലേക്കാണ് ഇവരെ കൊണ്ടുപോയത്. പിന്നീട് ബെൻഗാസിയിലേക്കും സുവാരയിലേക്കും ഒടുവിൽ ലിബിയയിലെ ട്രിപ്പോളിയിലേക്കും ഇവരെ എത്തിച്ചു. ഈ യാത്രകൾക്കിടയിൽ അൻദീപ് കുമാറും ടോണിയും വ്യത്യസ്ത ഗ്രൂപ്പുകളിലേക്ക് മാറ്റപ്പെട്ടു. അൻദീപ് കുമാറിന് വൈകാതെ രക്ഷപ്പെട്ട് നാട്ടിലേക്ക് എത്താൻ കഴിഞ്ഞു. എന്നാൽ ടോണി മരിച്ചു എന്നാണ് വീട്ടുകാർക്ക് പിന്നീട് കിട്ടിയ വിവരം. ഇവരെ വിദേശത്ത് കൊണ്ടുപോയ ഏജന്റ് ആണ് ടോണി ആത്മഹത്യ ചെയ്തതായി കുടുംബത്തെ അറിയിച്ചത്.
പഞ്ചാബിലെ ടോണിയുടെ കുടുംബത്തിന് പിന്നീട് കണ്ണീരിന്റെയും യാതനകളുടെയും ദിവസങ്ങളായിരുന്നു. മകന് എന്ത് പറ്റി അവൻ എങ്ങനെ മരിച്ചു എന്നൊന്നും അറിയാതെ ടോണിയുടെ അച്ഛൻ വീരേന്ദർകുമാറിന് ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു പിന്നീട് ഉണ്ടായത്. ഇതിനിടയിൽ ഏജന്റ് കേസിൽപ്പെട്ട് ജയിലിൽ ആയി. നഷ്ടപ്പെട്ട മകന് എന്ത് സംഭവിച്ചു എന്നറിയാൻ യാതൊരു വഴികളും ഇല്ലാതെ വീരേന്ദർകുമാറിന്റെ കുടുംബം നിത്യേന ക്ഷേത്രങ്ങളിൽ പ്രാർത്ഥനകളും വഴിപാടുകളും ആയി കഴിഞ്ഞുവന്നു. ആ പ്രാർത്ഥനകൾ ഈശ്വരൻ കേട്ടെന്ന് വേണം കരുതാൻ. അടുത്ത ദിവസങ്ങളിലൊന്നിൽ വീരേന്ദർകുമാറിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു വിദേശ നമ്പറിൽ നിന്നും ഒരു കോൾ വന്നു. അദ്ദേഹത്തിന്റെ മകൻ ടോണി ആയിരുന്നു അത്. ലിബിയയിൽ അടിമയായി വിൽക്കപ്പെട്ട ടോണി അപ്രതീക്ഷിതമായി നഷ്ടപ്പെട്ട് കിട്ടിയ ഒരു ഫോണിൽ നിന്നും പിതാവിനെ വിളിക്കുകയായിരുന്നു. നടന്ന സംഭവങ്ങളും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും എല്ലാം പൊട്ടികരഞ്ഞു കൊണ്ട് ടോണി പിതാവിനെ അറിയിച്ചു.
ഇറ്റലിയിൽ പോകുന്നതിന് മുമ്പ് കുറച്ചുനാൾ ലിബിയയിൽ ജോലി ചെയ്യണമെന്ന ഏജന്റിന്റെ ആവശ്യമനുസരിച്ചാണ് ടോണിയും മറ്റു നിരവധി പേരും ലിബിയയിലേക്ക് എത്തുന്നത്. ബെൻഗാസി വിമാനത്താവളത്തിൽ നിന്നും അവരെ നേരെ കൂട്ടിക്കൊണ്ടുപോയത് തീർത്തും അപ്രതീക്ഷിതമായ ഒരിടത്തേക്ക് ആയിരുന്നു. വർക്ക് പെർമിറ്റിന് എന്ന കാരണം പറഞ്ഞ് ഇവരുടെ പാസ്പോർട്ട് നേരത്തെ തന്നെ അവർ കൈക്കലാക്കിയിരുന്നു. മൂന്നുദിവസം നീണ്ട കാർ യാത്രയ്ക്കൊടുവിൽ അവരെ കൊണ്ടെത്തിച്ചത് ഒരു നിർമ്മാണ സൈറ്റിൽ ആയിരുന്നു. തുടർന്ന് ദിവസം 12-14 മണിക്കൂർ നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്യുക എന്നതായിരുന്നു ഇവരുടെ വിധി. തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ ഏന്തിയ കാവൽക്കാരുടെ നിരീക്ഷണത്തിൽ ആയിരുന്നു ജോലി. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഒന്നും ലഭിക്കാതെ, തളർന്നു വീഴുമ്പോൾ പ്ലാസ്റ്റിക് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് ഭൂമിയിലെ നരകം എന്താണെന്ന് അവർ അവിടെ അറിഞ്ഞു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഉള്ള യുവാക്കൾ അടക്കമുള്ള ഇന്ത്യക്കാരും പാക്കിസ്ഥാൻ, നൈജീരിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമെല്ലാം ഈ നിർമ്മാണ സൈറ്റിൽ പണിയെടുത്തിരുന്നു.
ടോണി, സന്ദീപ്, രാഹുൽ എന്നിങ്ങനെയുള്ള ചില പഞ്ചാബ് സ്വദേശികളുടെ കുടുംബങ്ങൾ ഒന്ന് ചേർന്ന് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട് ഈ വിഷയം പൊതു ശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ ലിബിയയിൽ ഇന്ത്യൻ എംബസിയില്ല എന്നുള്ളതിനാൽ വീണ്ടും ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. ഒടുവിൽ ലിബിയയിൽ കുടുങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ ടുണീഷ്യയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചു. അതോടെയാണ് ഈ വിഷയത്തിൽ രക്ഷാപ്രവർത്തന നടപടികൾ ഉണ്ടാകുന്നത്. എംബസി ഇടപെടലോടെ ലിബിയൻ പോലീസ് അവിടെ നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്തിരുന്ന പതിനെട്ടോളം ഇന്ത്യക്കാരെ കണ്ടെത്തി. എന്നാൽ ഇവരുടെ പാസ്പോർട്ട് നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നതിനാൽ ഈ ഇന്ത്യക്കാർക്ക് എല്ലാം കുറച്ചുകാലം ലിബിയയിലെ ജയിലിൽ കഴിയേണ്ടി വന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലോടെ പാസ്പോർട്ടിന് പകരമുള്ള എമർജൻസി സർട്ടിഫിക്കറ്റ് ഇവർക്ക് ലഭ്യമാക്കി. തുണഷ്യയിലെ ഇന്ത്യൻ എംബസി ഇവർക്ക് മടങ്ങിപ്പോകുന്നതിനുള്ള ടിക്കറ്റുകളും നൽകി. ഒടുവിൽ മൂന്ന് മാസത്തോളം നീണ്ടുനിന്ന നരകയാതനയ്ക്ക് ശേഷം ടുണീഷ്യയിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ലിബിയയിൽ നിന്ന് അവരെ തുർക്കിയിലെത്തിച്ചു. തുടർന്ന് ബഹ്‌റൈൻ വഴി ഓഗസ്റ്റ് 20ന് വൈകിട്ട് അവർ ഇന്ത്യയിലെത്തി.
ഇന്ന് അവർ വെറുതെ പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ജീവിതത്തിലെ ഒരു അധ്യായമാണ് ലിബിയയിലെ അടിമ ജീവിതം. നിരവധി ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നു. ഇന്ത്യയിൽ നിന്നും പോകുമ്പോൾ 95 കിലോ വരെ ഭാരമുണ്ടായിരുന്നവർ തിരികെ വരുമ്പോൾ 60 കിലോയിൽ താഴെയായിരുന്നു ശരീരഭാരം. പട്ടിണിയും പീഡനവും സഹിച്ചു കടന്നുപോയ ആ നാളുകൾ മറക്കാൻ ശ്രമിക്കുകയാണ് ഇന്ന് ഓരോരുത്തരും. ഇപ്പോൾ അവർക്ക് പറയാനായി ഒന്നേയുള്ളൂ, ഇനിയൊരിക്കലും ഇന്ത്യ വിട്ടു പോകാൻ തങ്ങൾ തയ്യാറാവില്ല എന്ന് മാത്രം.
Discussion about this post