കോട്ടയം: പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട. ആയിരം ലിറ്ററിലധികം മദ്യം ഉൾപ്പെടെ പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
പോലീസ്, ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, എക്‌സൈസ് വകുപ്പ് എന്നിവരാണ് പരിശോധന നടത്തുന്നത്. പോലീസ്, ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്റർ മദ്യവും എക്സൈസ് വകുപ്പിന്റെ പരിശോധനയിൽ 1564.53 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് മണ്ഡലത്തിൽ തുടരുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ ആകെ 1634.63 ലിറ്റർ മദ്യം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. പിടിച്ചെടുത്ത മദ്യത്തിന് 5,15,353.50 രൂപയോളം മൂല്യമുണ്ടാകും. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 6.77 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 158.68 ഗ്രാം എം.ഡി.എം.എ, ഒൻപത് കിലോഗ്രാം പുകയില, 75 പാക്കറ്റ് പുകയില വസ്തുക്കൾ, 12 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 48 പാക്കറ്റ് ഹാൻസ്, 2 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് 4,24,189 രൂപ മൂല്യം വരും.
Discussion about this post