ന്യൂഡൽഹി: ഇന്ത്യൻ സോഫ്റ്റ് വെയർ കമ്പനിയായ ഇൻഫോസിസിന്റെ ബ്രാൻഡ് അംബാസഡറായി റഫേൽ നദാൽ. ഇൻഫോസിസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായിട്ടാണ് നദാൽ കരാർ ഒപ്പുവെച്ചത്.
ആദ്യമായിട്ടാണ് ഒരു സോഫ്റ്റ് വെയർ സേവന കമ്പനിയുമായി നദാൽ സമാനമായ കരാർ ഒപ്പുവെയ്ക്കുന്നത്. അസോസിയേഷൻ ഓഫ് ടെന്നീസ് പ്ലെയേഴ്‌സിന്റെ (എടിപി) സാങ്കേതിക പങ്കാളികളാണ് ഇൻഫോസിസ്. ഈ ബന്ധമാണ് നദാലുമൊത്ത് കൈകോർക്കുന്നതിലേക്ക് എത്തിച്ചത്.
കളിയിലെ പ്രകടനം വിലയിരുത്താൻ എഐ ടൂൾ വികസിപ്പിക്കുന്നതുൾപ്പെടെയുളള കാര്യങ്ങളാണ് ഇൻഫോസിസ് ലക്ഷ്യമിടുന്നത്. നദാലിന്റെ പരിശീലക ടീമാകും ഇതിന് സഹായിക്കുക. 2023 ലെ ഫ്രഞ്ച് ഓപ്പണിൽ ഈ ടൂൾ അവതരിപ്പിക്കാനാണ് പദ്ധതി. ലൈവ് മാച്ചുകളിലെ പ്രകടനവും മുൻപുളള കളിയുടെ ഡാറ്റയും ഒരേ സമയം നദാലിന്റെ പരിശീലക സംഘത്തിന് വിശകലനം ചെയ്യാൻ ടൂളിലൂടെ സാധിക്കും.
ഇൻഫോസിസുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നദാൽ പറഞ്ഞു. ടെന്നീസിൽ നിന്നുളള അനുഭവങ്ങൾ സ്വായത്തമാക്കുക മാത്രമല്ല ശോഭനമായ ഭാവി ലക്ഷ്യമിട്ട് താരങ്ങളെ ശാക്തീകരിക്കാനുളള പ്രവർത്തനവും ഇൻഫോസിസ് നടത്തുന്നുണ്ടെന്ന് നദാൽ കൂട്ടിച്ചേർത്തു.
Discussion about this post