എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി മിക്‌സിയിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.
കുവൈറ്റിലായിരുന്ന മുഹമ്മദ് ഈ മാസം 20 നാണ് ഓണം പ്രമാണിച്ച് നാട്ടിലെത്തിയത്. ഒരു മിക്‌സിയും ഒപ്പം കൊണ്ടുവന്നിരുന്നു. എന്നാൽ പരിശോധനയ്ക്കിടെ സംശയം തോന്നിയ കസ്റ്റംസ് മിക്‌സി പിടിച്ചു വയ്ക്കുകയായിരുന്നു. വിട്ട് തരണമെന്ന് മുഹമ്മദ് നിർബന്ധം പറഞ്ഞെങ്കിലും നൽകാൻ കസ്റ്റംസ് തയ്യാറായിരുന്നില്ല.
വീട്ടിലേക്ക് ഓണസമ്മാനമായി വാങ്ങിയതാണ് മിക്‌സി എന്നായിരുന്നു മുഹമ്മദ് പറഞ്ഞത്. മിക്‌സി ലഭിക്കില്ലെന്ന് ആയതോടെ ഇയാൾ ബഹളമുണ്ടാക്കി. പാവങ്ങളെ കസ്റ്റംസ് മനപ്പൂർവ്വം ദ്രോഹിക്കുകയാണെന്ന് മുഹമ്മദ് ആരോപിക്കുകയും ചെയ്തിരുന്നു.
പരിശോധനയ്ക്ക് ശേഷം മുഹമ്മദിനെ പോകാൻ അനുവദിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം മിക്‌സി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഒളിപ്പിച്ച സ്വർണം കണ്ടത്. മിക്‌സിയുടെ മോട്ടറിൽ ചുറ്റിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇതിന് മുകളിലായി ചെമ്പ് പൂശിയിരുന്നു. 423 ഗ്രാം സ്വർണമായിരുന്നു ഇത്തരത്തിൽ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് എത്തി മുഹമ്മദിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.












