ശ്രീനഗർ: ജയ് ശ്രീറാം എന്ന് ബോർഡിൽ എഴുതിയ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കത്വയിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായ ഫറൂഖ് അഹമ്മദാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസ് എടുത്തിരുന്നു.
10ാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ഫറൂഖ് ക്രൂരമായി മർദ്ദിച്ചത്. കുട്ടി ബോർഡിൽ ജയ് ശ്രീറാം എന്ന് എഴുതിയിരുന്നു. ഇത് കണ്ട് അരിശം മൂത്ത ഫാറൂഖ് വിദ്യാർത്ഥിയെ പൊതിരെ തല്ലുകയായിരുന്നു. സംഭവം കുട്ടി വീട്ടിൽ പറഞ്ഞു. ഇതോടെ കുടുംബം രംഗത്ത് എത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് കുൽദീപ് സിംഗാണ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഫറൂഖിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്‌കൂൾ പ്രിൻസിപ്പാൾ മൊഹ്ദ് ഹാഫിസ് ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. പരാതിയിൽ ഹാഫിസിനെതിരെയും പോലീസ് കേസ് എടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ മൂന്നംഗ സംഘത്തെ പോലീസ് അന്വേഷണത്തിനായി നിയോഗിച്ചു.
Discussion about this post