നൂഹ്: വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക യാത്രയ്ക്ക് നേരെ മതഭീകരവാദികൾ അക്രമം അഴിച്ചുവിട്ട ഹരിയാനയിലെ നൂഹിലൂടെ തിങ്കളാഴ്ച ശോഭായാത്ര നടത്താൻ ആഹ്വാനം. സർവ്വ ജാതീയ ഹിന്ദു മഹാപഞ്ചായത്ത് ആണ് ശോഭായാത്ര നടത്താൻ ആഹ്വാനം നടത്തിയിട്ടുളളത്.
ജലാഭിഷേക യാത്ര കടന്നുപോകവേ ഒരു സംഘം മതമൗലികവാദികൾ സംഘടിച്ചെത്തി തടയുകയും കല്ലെറിയുകയുമായിരുന്നു. ജൂലൈ 31 നായിരുന്നു സംഭവം. ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുളള ഹൈന്ദവ വിശ്വാസികൾക്ക് നേരെയായിരുന്നു അക്രമം നടന്നത്. സംഭവത്തെ തുടർന്ന് ഹരിയാനയുടെ മറ്റ് ഭാഗങ്ങളിലേക്കും അക്രമം വ്യാപിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നിരുന്നു.
അതേസമയം തിങ്കളാഴ്ചത്തെ ശോഭായാത്രയ്ക്ക് അന്തിമ അനുമതിയായിട്ടില്ലെന്ന് ഹരിയാന ഡിജിപി ശത്രുജീത് കപൂർ പറഞ്ഞു. ജി 20 ഷെർപ്പ യോഗം നടക്കുന്നതിനാലാണ് ശോഭായാത്രയ്ക്ക് അനുമതി നൽകാത്തതെന്നാണ് പോലീസിന്റെ ഭാഷ്യം. സെപ്തംബർ 3 മുതൽ 7 വരെയാണ് ജി 20 ഷെർപ്പ ഗ്രൂപ്പിന്റെ യോഗം. ഇതിനുളള മുന്നൊരുക്കങ്ങളുടെയും സുരക്ഷാ ഒരുക്കങ്ങളുടെയും പേരിലാണ് ശോഭായാത്രയ്ക്ക് അനുമതി നൽകാതിരുന്നതെന്ന് പോലീസ് പറയുന്നു. എന്നാൽ ഇത്തരം ചടങ്ങുകൾക്ക് അനുമതി ആവശ്യമില്ലെന്നാണ് വിശ്വഹിന്ദു പരിഷത് ഉൾപ്പെടെയുളള സംഘടനകൾ പറയുന്നത്.
ശോഭായാത്ര പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷയും പോലീസ് വർദ്ധിപ്പിച്ചിട്ടുണ്ട് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് ക്രമസമാധാന ചുമതലയുളള എഡിജിപി മംമ്ത സിംഗ് പറഞ്ഞു. 24 കമ്പനി അർദ്ധസൈനിക വിഭാഗത്തെ ഉൾപ്പെടെ വിന്യസിച്ചതായി നൂഹ് പോലീസ് വ്യക്തമാക്കി.
നൂഹിലേക്ക് പുറത്തുനിന്ന് പ്രവേശിക്കുന്നതിനുളള എല്ലാ വഴികളും അടച്ചിട്ടിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ സോഹ്ന -നൂഹ് ടോൾ പ്ലാസയിൽ ഉൾപ്പെടെ പോലീസ് കർശന പരിശോധനയാണ് നടത്തുന്നത്.
Discussion about this post