ഭോപ്പാൽ : ഗുജറാത്തിലെ ഒരു പഴയ വീട് പൊളിക്കുന്നതിനിടെ മധ്യപ്രദേശുകാരായ തൊഴിലാളികൾക്ക് ലഭിച്ചത് വൻ നിധി ശേഖരം. ബ്രിട്ടീഷ് കാലഘട്ടത്തിലെ 240 സ്വർണ്ണ നാണയങ്ങളാണ് നിർമ്മാണ പ്രവൃർത്തികൾ നടത്തിയിരുന്ന ആദിവാസി തൊഴിലാളികൾക്ക് ലഭിച്ചത്. ഓരോന്നിനും മൂന്ന് മുതൽ 4 ലക്ഷം രൂപ വരെ വിപണിമൂല്യം ലഭിക്കുന്നവയാണ് ഈ സ്വർണനാണയങ്ങൾ.
എന്നാൽ നിധി ലഭിച്ച് അധികം വൈകാതെ തന്നെ കഥയിൽ വലിയൊരു വഴിത്തിരിവ് ഉണ്ടായി. നിധിയായി ലഭിച്ച സ്വർണനാണയങ്ങളുമായി മധ്യപ്രദേശിൽ തിരിച്ചെത്തിയ ഈ തൊഴിലാളികളിൽ നിന്നും നിധി പോലീസ് തട്ടിയെടുത്തു എന്നാണ് ഇവർ പരാതിപ്പെടുന്നത്. മധ്യപ്രദേശ് പോലീസിലെ നാല് ഉദ്യോഗസ്ഥരാണ് തൊഴിലാളികളെ കബളിപ്പിച്ച് നിധി തട്ടിയെടുത്തതായി പരാതി ഉയർന്നിട്ടുള്ളത്. പരാതി ലഭിച്ചതിനെ തുടർന്ന് നാല് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിലെ ചില മേഖലകളിലെ ആദിവാസി തൊഴിലാളികൾ ഉപജീവനത്തിനായി ഗുജറാത്തിലേക്ക് പോകുന്നത് സാധാരണമാണ്. ഇങ്ങനെയാണ് രാംകുബായിയും കുടുംബാംഗങ്ങളും ഗുജറാത്തിലെ ബിലിമോറയിലെ ഒരു പഴയ വീട് പൊളിക്കാനുള്ള ജോലിക്ക് എത്തുന്നത്. ലണ്ടനിൽ താമസിക്കുന്ന ഗുജറാത്തിയായ ഇംതിയാസ് ബാലിയയുടെ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിലാണ് രാംകുബായിയ്ക്കും കൂട്ടർക്കും സ്വർണ്ണനാണയങ്ങൾ ലഭിക്കുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന 240 സ്വർണനാണയങ്ങൾ ആയിരുന്നു ഇവിടെ നിന്നും ഈ തൊഴിലാളികൾക്ക് ലഭിച്ചത്.
ലഭിച്ച സ്വർണനാണയങ്ങളുമായി തിരികെ മധ്യപ്രദേശിലെ തങ്ങളുടെ ഗ്രാമമായ ബജ്ദയിലേക്ക് എത്തിയ ഈ ആദിവാസി തൊഴിലാളികൾ അവ
സ്വന്തം വീടിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഈ തൊഴിലാളികളുടെ വീട്ടിലെത്തിയ നാല് പോലീസുകാർ സ്വർണ്ണനാണയങ്ങളിൽ 239 എണ്ണവും കൈക്കലാക്കുകയായിരുന്നു എന്നാണ് പരാതി. നിലവിൽ ഈ ആദിവാസി തൊഴിലാളികളുടെ കയ്യിൽ അവശേഷിക്കുന്നത് ഒരു സ്വർണനാണയം മാത്രമാണ്. 1922-ൽ പുറത്തിറക്കിയിട്ടുള്ള ഒരു ലിമിറ്റഡ് എഡിഷൻ നാണയമാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 7.08 ഗ്രാം തൂക്കമുള്ള ഈ സ്വർണനാണയത്തിൽ ജോർജ്ജ് ആറാമൻ രാജാവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
Discussion about this post