ന്യൂഡൽഹി : ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവ്‌ലിൻ ത്രോയിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിക്കൊണ്ട് നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനം വാനോളം എത്തിച്ചിരിക്കുകയാണ്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്‌സിലും സ്വർണമെന്ന അപൂർവ്വ നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. 88.17 മീറ്റർ ജാവലിൻ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. ചരിത്രപരമായ വിജയം കൈവരിച്ച നീരജ് ഒരു മികച്ച ദേശസ്‌നേഹിയാണെന്ന് കൂടി തെളിയിക്കുന്ന കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ജാവ്‌ലിൻ ത്രോയിൽ സ്വർണം നേടിയ ശേഷം ഒരു ഹംഗേറിയൻ ആരാധിക ഓട്ടോഗ്രാഫിന് വേണ്ടി നീരജിനെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ പതാകയിൽ ഒപ്പിടാനാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ നീരജ് ചോപ്ര അത് നിരസിച്ചു. ത്രിവർണ്ണ പതാകയിൽ ഒരിക്കലും ഒപ്പിടില്ലെന്നും അത് ഫ്‌ലാഗ് കോഡിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നീരജ് അവരുടെ ടീ ഷർട്ടിൽ ഓട്ടോഗ്രാഫ് എഴുതി കൊടുക്കുകയായിരുന്നു. പുഞ്ചിരിയോടെയാണ് ആ ആരാധിക നീരജ് ചോപ്രയിൽ നിന്ന് ഓട്ടോഗ്രാഫ് സ്വീകരിച്ചത്. റോഷൻ റായ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് ഈ കുറിപ്പ് പങ്കുവെച്ചത്. ഇതോടൊപ്പം നീരജ് ഓട്ടോഗ്രാഫ് നൽകുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഫീൽഡിലും പുറത്തും നീരജ് ചോപ്ര ആരാധകരുടെ മനം കവരുകയാണെന്നും റോഷൻ കുറിച്ചു.
ഇതോടെ നീരജ് ചോപ്രയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. നീരജ് ചോപ്ര നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്. ഇന്ത്യൻ പതാകയോടുള്ള അദ്ദേഹത്തിന്റെ വിനയവും ആദരവും പ്രശംസനീയമാണ് എന്ന് ചിലർ പ്രതികരിച്ചു.
Discussion about this post