ബെയ്ജിംഗ് : കാമുകിയെ തുടർച്ചയായി പത്ത് മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലാണ് സംഭവം. ചൈനയിലെ പ്രണയദിനമായ ഓഗസ്റ്റ് 22 ന് വെസ്റ്റ് ലേക്കിലേക്ക് കാമുകിയുമൊത്ത് ഡേറ്റിന് പോയതായിരുന്നു യുവാവ്.
തുടർന്ന് കാമുകിയെ ചുംബിക്കുന്നതിനിടെ ചെവിയിൽ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലെത്തി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ചെവിക്കല്ലിൽ സുഷിരങ്ങളുള്ളതായി കണ്ടെത്തി.
ചുംബിക്കുന്നതിനിടെ ചെവിക്കുള്ളിലെ വായു മർദത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്ന് ഡോക്ടർമാർ പറയുന്നു. പങ്കാളിയുടെ ശ്വാസോച്ഛ്വാസത്തിലെ വ്യതിയാനവും കാരണമായി. എന്തായാലും പൂർണ്ണമായി സുഖം പ്രാപിക്കാൻ രണ്ട് മാസമെടുക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നാണ് മാധ്യമങ്ങൾ പറയുന്നത്. 2008-ൽ, തെക്കൻ ചൈനയിലും ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കാമുകനെ ചുംബിക്കുന്നതിനിടെ യുവതിയുടെ കർണപടലം പൊട്ടിയതിനെ തുടർന്ന് കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Discussion about this post