കൊച്ചി: ഉപഭോക്താവ് അറിയാതെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായാൽ ഉത്തരവാദിത്തം ബാങ്കിനാണെന്ന് ഉപഭോക്തൃ കോടതി. എസ് ബി ഐ അക്കൗണ്ടിൽ നിന്നും താൻ അറിയാതെ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് സലിം പി എം എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് വിധി.
പണം പിൻവലിക്കപ്പെട്ടപ്പോൾ തന്നെ ഉപഭോക്താവിനെ എസ് എം എസ് മുഖേന വിവരം അറിയിച്ചിരുന്നതായി എസ് ബി ഐ അറിയിച്ചു. ബാങ്കിന്റെ ഭാഗത്ത് നിന്നും ഉപഭോക്തൃ സേവനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഫെയർ പ്രാക്ടീസ് ചട്ടത്തിന്റെ ലംഘനം ഉണ്ടായിട്ടില്ലെന്നും എസ് ബി ഐ അറിയിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം ഉപഭോക്തൃ കോടതി തള്ളി.
എല്ലാ എസ് എം എസ് സന്ദേശങ്ങളും ഉപഭോതാവ് വായിച്ച് കൊള്ളണമെന്ന് നിർബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും താൻ അറിയാതെ 1.6 ലക്ഷം രൂപ 2019ൽ പിൻവലിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സലിം കോടതിയെ സമീപിച്ചത്.
സലിമിന് 80,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് നേരത്തെ ബാങ്കിംഗ് ഓംബുഡ്സ്മാൻ എസ് ബി ഐയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ അധികമായി 10,000 രൂപ കൂടി അദ്ദേഹത്തിന് നൽകാൻ വിധിയായിരുന്നു.
എന്നാൽ, തനിക്ക് നഷ്ടമായ ബാക്കി തുകയായ 70,000 നേടിയെടുക്കുന്നതിന് വേണ്ടി സലിം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഉപഭോക്താവിന് സേവനം നൽകുന്നത് ബാങ്കാണ്. അതിനാൽ ഉപഭോതാവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബാദ്ധ്യതയും ബാങ്കിന് ഉണ്ട്. ഒരാൾ അറിയാതെ അയാളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെടുന്നത് തടയാനുള്ള ഉത്തരവാദിത്തം ഇതിൽ ഉൾപ്പെടുമെന്ന് ഉപഭോക്തൃ ഫോറം വ്യക്തമാക്കി.
മൂന്ന് തവണയായാണ് തനിക്ക് 1.6 ലക്ഷം രൂപ നഷ്ടമായതെന്ന് സലിം കോടതിയെ അറിയിച്ചു. പണം നഷ്ടമാകുന്നതിന് മുൻപേ തന്റെ എടിഎം കാർഡ് പ്രവർത്തന രഹിതമായിരുന്നു. ഇത് ബാങ്കിനെ അറിയിച്ചപ്പോൾ അവർ പഴയ കാർഡ് മാറ്റി ചിപ്പ് വെച്ച പുതിയ കാർഡ് നൽകി. പുതിയ കാർഡുമായി എടിഎമ്മിൽ ചെന്നപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നതെന്നും സലിം പരാതിയിൽ പറഞ്ഞിരുന്നു.
തന്റേതല്ലാത്ത കാരണത്താൽ ഒരു ഉപഭോക്താവിന് പണം നഷ്ടമായാൽ അതിന്റെ ഉത്തരവാദിത്തം ബാങ്ക് ഏറ്റെടുത്തേ മതിയാകൂവെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കി. ഓംബുഡ്സ്മാന്റെ ഉത്തരവ് പ്രകാരം നേരത്തേ നൽകിയ 90,000 രൂപയ്ക്ക് പുറമേ, 85,000 രൂപ കൂടി അധികമായി എസ് ബി ഐ സലിമിന് നൽകണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.












