കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതിയ പ്രതിപ്പട്ടിക പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതി ചേർത്തത്.
കുന്നമംഗലം കോടതിയിലാണ് പ്രതിപ്പട്ടിക സമർപ്പിക്കുക. മെഡിക്കൽ കോളേജ് ഐഎംസിഎച്ച് മുൻ സൂപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവർ അടങ്ങിയത് ആയിരുന്നു ആദ്യ പ്രതിപ്പട്ടിക. സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടും പോലീസ് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രതിചേർത്തിരിക്കുന്നത്. മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ വിചാരണ ഉടൻ ആരംഭിക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി അന്വേഷണ സംഘം ഉടൻ സർക്കാരിന് അപേക്ഷ നൽകും. ഇതിനു ശേഷമാകും അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുക. ഇതിന് പുറമേ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്.
കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കിടെയായിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്ക് ശേഷം അബദ്ധത്തിൽ ഡോക്ടർമാർ വയറ്റിൽ കത്രിക വച്ച് തുന്നലിടുകയായിരുന്നു.
Discussion about this post