ന്യൂഡല്‍ഹി: ‘മേരി മാഠി മേരാ ദേശ്’ കാമ്പെയിന് കീഴില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് അമൃത് കലശ് യാത്രയ്ക്ക് തുടക്കം കുറിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആകാശവാണി ഭവനില്‍ വച്ചാണ് അദ്ദേഹം ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യുക. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച പുരുഷന്‍മാരേയും സ്ത്രീകളേയും ആദരിക്കുന്നതിനായി ഓഗസ്റ്റ് 9 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമ്പെയിന്‍ പ്രഖ്യാപിച്ചത്. മന്‍ കീ ബാത്തിലൂടെയായിരുന്നു മോദിയുടെ പ്രഖ്യാപനം. ‘നമ്മുടെ അനശ്വര രക്തസാക്ഷികളുടെ സ്മരണയ്ക്കായി രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. ഈ പ്രതിഭകളുടെ സ്മരണയ്ക്കായി, രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ലിഖിതങ്ങളും സ്ഥാപിക്കും’, പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ പറഞ്ഞു.
കൂടാതെ ക്യാമ്പെയിന്റെ കീഴില്‍ രാജ്യത്തുടനീളം അമൃത് കലശ യാത്ര സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന് സമീപം ‘അമൃത് വാടിക’ എന്ന പേരില്‍ ഉദ്യാനം നിര്‍മ്മിക്കും. അമൃത് വാടികയ്ക്കായി രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമായി ഏഴായിരത്തി അഞ്ഞൂറ് കലശങ്ങളില്‍ മണ്ണ് കൊണ്ടുവരും. ഒപ്പം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൃക്ഷത്തൈകളും അമൃത് കലശ യാത്രയിലൂടെ ഇവിടെ എത്തിക്കും. അമൃത് വാടിക ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നതിന്റെ മഹത്തായ പ്രതീകമായും മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം ആകാശവാണിയിലെ മന്‍ കി ബാത്ത് പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഓരോ വീടുകളില്‍ നിന്നും കലശത്തില്‍ മണ്ണ് ശേഖരിക്കുന്ന ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞത്. ഒക്ടോബര്‍ അവസാനം അമൃത് കലശ യാത്രയുമായി ആയിരക്കണക്കിനാളുകള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെത്തും. ഇവ കൊണ്ടാകും രാജ്യത്തിന്റെ അഭിമാനമാകാന്‍ പോകുന്ന അമൃത് വാടിക നിര്‍മ്മിക്കുക.
Discussion about this post