അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ കടുക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇമിഗ്രന്റ് വിസ നൽകുന്നത് അമേരിക്ക അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ജനുവരി 21 മുതൽ പുതിയ ഉത്തരവ് നിലവിൽ വരും. അമേരിക്കയുടെ പൊതുസമ്പത്ത് ചൂഷണം ചെയ്യാൻ സാധ്യതയുള്ളവരെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച ഏറ്റവും വലിയ വിസ നിയന്ത്രണമാണിത്. റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
എന്താണ് ‘പബ്ലിക് ചാർജ്’ നിയമം?
അമേരിക്കയിലെത്തുമ്പോൾ സ്വന്തമായി വരുമാനമില്ലാതെ സർക്കാർ ആനുകൂല്യങ്ങളെയും ക്ഷേമപദ്ധതികളെയും ആശ്രയിക്കാൻ സാധ്യതയുള്ളവരെയാണ് ‘പബ്ലിക് ചാർജ്’ ആയി കണക്കാക്കുന്നത്.
കർശന പരിശോധന: അപേക്ഷകന്റെ പ്രായം, ആരോഗ്യം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, സാമ്പത്തിക സ്രോതസ്സുകൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമേ ഇനി വിസ അനുവദിക്കൂ.
അനിശ്ചിതകാല വിലക്ക്: വിസ പരിശോധനാ രീതികൾ പരിഷ്കരിക്കുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസകൾ അനുവദിക്കില്ല.
വിനോദസഞ്ചാരികൾക്ക് ഇളവ്: നിലവിൽ ടൂറിസ്റ്റ്, ബിസിനസ് വിസകൾക്ക് ഈ വിലക്ക് ബാധകമല്ല
അമേരിക്കൻ നയതന്ത്ര പ്രതിനിധിയുടെ മകനെ കണ്ട് ക്രിപ്‌റ്റോ കറൻസി കരാറിനായി പാക് ഭരണകൂടം ദയനീയമായി കാത്തുനിന്ന അതേദിവസം തന്നെയാണ് വിസ വിലക്കും പുറത്തുവന്നത്. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര അപമാനമായാണ് ഇതിനെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ നവംബറിൽ വൈറ്റ് ഹൗസിന് സമീപം അഫ്ഗാൻ സ്വദേശി നടത്തിയ വെടിവെപ്പിൽ നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെട്ടതിന് പിന്നാലെ “മൂന്നാം ലോക രാജ്യങ്ങളിൽ” നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നടപടി.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ പട്ടികയിൽ ഇന്ത്യ ഉൾപ്പെടാത്തത് വലിയ ആശ്വാസമാണ്. അമേരിക്കയുടെ സാങ്കേതിക-പ്രതിരോധ മേഖലകളിൽ ഭാരതീയർ നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഇന്ത്യയെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ പാകിസ്താൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിക്കുന്നത് ഇനി ബാലികേറാമലയാകും.











Discussion about this post