1998-ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളം കുടുംബചിത്രമാണ് ‘കൈകുടുന്ന നിലാവ്’. ജയറാം, ദിലീപ്, ശാലിനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഒന്നാണ്. ജയറാം അവതരിപ്പിച്ച മഹേന്ദ്രൻ എന്ന കഥാപാത്രം കുടുംബവുമൊത്ത് ഒരു ക്ഷേത്ര സന്ദർശനത്തിനിടെ വേണി എന്ന ആരോരുമില്ലാത്ത കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നു. വേണി സ്നേഹിക്കുന്ന കിച്ചാമണി ( ദിലീപ്) കഥാപാത്രത്തെ അന്വേഷിക്കുന്ന മഹേന്ദ്രൻ ഒരു കൊലക്കുറ്റം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. പിന്നെ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ അവതരിപ്പിക്കുന്നത്.
തുടക്കത്തിൽ കോമഡി ട്രാക്കിൽ പോകുന്ന ചിത്രം പിന്നെ ട്രാക്ക് മാറുന്നു. അതിവൈകാരിക നിമിഷങ്ങളിലേക്ക് കഥ തിരിയുമ്പോൾ കാണുന്ന പ്രേക്ഷകനായും മുൾമുനയിൽ നിൽക്കുന്നു. രഞ്ജിത്ത് തിരക്കഥ എഴുതിയ ഈ ചിത്രം ഹിറ്റ് ആയില്ലെങ്കിലും പിൽക്കാലത്ത് യൂട്യുബിലും മറ്റും ഇറങ്ങിയപ്പോൾ ഏറെ ആരാധകർ ഉള്ള ഒന്നായി. കമലിന്റെ ചിത്രത്തിൽ ആദ്യമായി കലാഭവൻ മണി അഭിനയിച്ച സിനിമ, അനിയത്തിപ്രാവിന് ശേഷം ശാലിനിക്ക് കിട്ടിയ ശക്തമായ വേഷങ്ങളിൽ ഒന്ന്, തുടങ്ങിയ അനേകം പ്രത്യേകതകൾ ഈ ചിത്രത്തിന് ഉണ്ടായിരുന്നു.
എങ്കിലും ഏറ്റവും വലിയ പ്രത്യേകത ഇതിഹാസ ഗാനരചയിതാക്കളായ കൈതപ്രം- ഗിരീഷ് പുത്തഞ്ചേരി ടീം ഈ ചിത്രത്തിനായി ഒന്നിച്ചു എന്നതാണ്. ഇതേക്കുറിച്ച് കമൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു:
“ആറാം തമ്പുരാൻ എന്ന വിജയചിത്രത്തിന്റെ ഹാങ്ങോവറിൽ ആയിരുന്നു രഞ്ജിത്ത് അന്ന്. ഇതിലെ നായകൻ ആറാം തമ്പുരാനിലെ നായകനെ പോലെ മാസ് ഹീറോ ഒന്നും അല്ലാത്തതിനാൽ ആ ട്രാക്കിലേക്കിറങ്ങി വരാൻ രഞ്ജിത്ത് സമയമെടുത്തു. എങ്കിലും അദ്ദേഹം വളരെ നന്നായി തന്നെ തിരക്കഥ പൂർത്തിയാക്കി. ആര് ഈ ചിത്രത്തിലെ പാട്ടുകൾ എഴുതും എന്നതായി ചോദ്യം. ആദ്യമൊക്കെ എന്റെ സിനിമക്ക് പാട്ടുകൾ എഴുതിയിരുന്നത് കൈതപ്രം ആയിരുന്നു, പിന്നെ ഗിരീഷ് ആയി. അപ്പോൾ ഈ ചിത്രത്തിന് കൈതപ്രത്തെ തിരിച്ചുവിളിക്കാൻ ഞാൻ ആലോചിച്ചു.”
“എന്നാൽ രഞ്ജിത്ത് എന്റെ പടത്തിന് തിരക്കഥ എഴുതുമ്പോൾ അതിൽ തന്നെ വിളിക്കും എന്ന് ഗിരീഷും കരുതിയിരിക്കുന്നു. രണ്ട് പേരും പ്രിയപ്പെട്ട ആളുകൾ ആയതിനാൽ ആരെ ഇതിനായി ഉപയോഗിക്കും എന്ന ആശയക്കുഴപ്പം ഉണ്ടായി. എന്തായാലും രണ്ട് പേർക്കും പകുതി പാട്ടുകൾ കൊടുത്താൽ അതിൽ അഭംഗി ഉള്ളത് കൊണ്ട് അന്ന് സംഗീത സംവിധാനം കൂടി ചെയ്തിരുന്ന കൈതപ്രത്തെ കൊണ്ട് അത് ചെയ്യിപ്പിച്ചിട്ട് ഗിരീഷ് പാട്ടെഴുത്തട്ടെ എന്ന് ഞാൻ പറഞ്ഞു. രഞ്ജിത്തിനും ഈ ഐഡിയ ഇഷ്ടപ്പട്ടു. എന്നാൽ ഗിരീഷിനും കൈതപ്രത്തിനും ഇടയിൽ പ്രൊഫഷണൽ ഈഗോ ഉള്ളതിനാൽ അത് എങ്ങനെ നടക്കും എന്ന് ഭയന്നതാണ്. എന്നാൽ രണ്ടാളെയും ഇത് അറിയിച്ചപ്പോൾ അവർ പൂർണ മനസ്സിൽ ഇത് സ്വീകരിച്ചു. പിന്നെയുള്ള ദിവസങ്ങൾ മനോഹരമായിരുന്നു, പാട്ടുകൾ സംസാരിക്കുക, സിനിമകൾ സംസാരിക്കുക. ശേഷം നല്ല പാട്ടുകൾ അവർ ഞങ്ങൾക്ക് തന്നു.”
ചിത്രത്തിലെ മലയണ്ണാർ കണ്ണൻ പാട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു.













Discussion about this post