സ്പെയിനിന്റെ രാജകീയ സിംഹാസനത്തിൽ ഒന്നര നൂറ്റാണ്ടിന് ശേഷം ഒരു പെൺകരുത്ത് എത്തുന്നു. സ്പെയിനിലെ രാജാവ് ഫെലിപ്പെ ആറാമന്റെയും ലെറ്റീസിയ രാജ്ഞിയുടെയും മൂത്ത മകളായ ലിയോനോർ രാജകുമാരിയാണ് 150 വർഷത്തിന് ശേഷം രാജ്യത്തെ ആദ്യത്തെ ‘ക്വീൻ റെഗ്നന്റ്’ (സ്വന്തം നിലയിൽ ഭരിക്കാൻ അധികാരമുള്ള രാജ്ഞി) ആകാൻ ഒരുങ്ങുന്നത്. 1800-കളിൽ ഭരിച്ചിരുന്ന ഇസബെല്ല രണ്ടാമ രാജ്ഞിക്ക് ശേഷം സ്പെയിനിന്റെ ഭരണചക്രം തിരിക്കാൻ എത്തുന്ന ആദ്യ വനിതയായിരിക്കും 20 വയസ്സുകാരിയായ ലിയോനോർ. ആധുനിക സ്പാനിഷ് രാജകുടുംബത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ് ലിയോനോർ രാജകുമാരി. പിതാവ് ഫെലിപ്പെ ആറാമന് ശേഷം രാജ്യം ഭരിക്കേണ്ട ലിയോനോർ, വെറുമൊരു ഭരണാധികാരിയല്ല, മറിച്ച് സ്പെയിനിന്റെ സായുധ സേനയെ നയിക്കാൻ ശേഷിയുള്ള ഒരു പോരാളികൂടിയായിട്ടാണ് വളരുന്നത്. 1700-കളിൽ ആരംഭിച്ച ബോർബൺ രാജവംശത്തിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാണിത്.
ആരാണ് ലിയോനോർ രാജകുമാരി?
2005 ഒക്ടോബർ 31-ന് മാഡ്രിഡിലാണ് ലിയോനോർ ജനിച്ചത്. മുൻ മാധ്യമപ്രവർത്തകയായ ലെറ്റീസിയയും ഫെലിപ്പെ ആറാമനുമാണ് മാതാപിതാക്കൾ. ഇൻഫാന്റ സോഫിയ എന്ന ഇളയ സഹോദരിയും ലിയോനോറിനുണ്ട്. വെറും പത്താം വയസ്സിൽ തന്നെ രാജ്യത്തിന്റെ ഭാവി ഭരണാധികാരി എന്ന നിലയിലുള്ള പരിശീലനങ്ങൾ ലിയോനോർ ആരംഭിച്ചിരുന്നു.മാഡ്രിഡിലെ സാന്താ മരിയ ഡി ലോസ് റോസലസ് സ്കൂളിലും തുടർന്ന് യുകെയിലെ വെയ്ൽസിലുള്ള യുഡബ്ല്യുസി അറ്റ്‌ലാന്റിക് കോളേജിലും പഠനം പൂർത്തിയാക്കി. അന്താരാഷ്ട്ര കാര്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ലിയോനോർ പരിശീലനം നേടിയിട്ടുണ്ട്.
ബഹുഭാഷാ പണ്ഡിത: സ്പാനിഷ്, കറ്റാലൻ, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയ്ക്ക് പുറമെ അറബിക്കും മന്ദാരിനും (ചൈനീസ്) ലിയോനോർ അനായാസം സംസാരിക്കും.
ആദ്യ പ്രസംഗം: തന്റെ 13-ാം വയസ്സിൽ ‘പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് അവാർഡ്’ ചടങ്ങിൽ ലിയോനോർ നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു.
സൈനിക പരിശീലനവും ചരിത്ര നേട്ടവും: ഭാവിയിൽ സ്പെയിനിന്റെ സേനാനായകയാകേണ്ട (Commander-in-Chief) ലിയോനോർ മൂന്ന് സേനകളിലും കർശനമായ പരിശീലനം പൂർത്തിയാക്കി വരികയാണ്.
2023 ഓഗസ്റ്റിൽ സരഗോസയിൽ കരസേനാ പരിശീലനം തുടങ്ങിയ ലിയോനോർ 2024-ൽ ഗലീഷ്യയിൽ നാവികസേനാ പരിശീലനവും പൂർത്തിയാക്കി. ‘ജുവാൻ സെബാസ്റ്റ്യൻ ഡി എൽക്കാനോ’ എന്ന കപ്പലിൽ 17,000 മൈൽ അറ്റ്‌ലാന്റിക് യാത്ര നടത്തിയ ലിയോനോർ ഒരു സാധാരണ നാവികനെപ്പോലെയാണ് ജോലി ചെയ്തത്. 2025 ഡിസംബറിൽ പിളാറ്റസ് പിസി-21 (Pilatus PC-21) വിമാനത്തിൽ ലിയോനോർ ഒറ്റയ്ക്ക് പറക്കൽ നടത്തി. സ്പാനിഷ് രാജകുടുംബത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ അംഗം ഒറ്റയ്ക്ക് വിമാനം പറത്തുന്നത്.
ജനറേഷൻ ഇസഡ് (Gen Z) പ്രതിനിധിയായ ലിയോനോർ രാജകുമാരി ആധുനികതയും പാരമ്പര്യവും ഒരുപോലെ ഒത്തുചേർന്ന വ്യക്തിത്വമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ പാരമ്പര്യവും മാതാവിന്റെ പ്രായോഗിക ബുദ്ധിയും ചേരുന്ന ലിയോനോർ സ്പെയിനിന്റെ ഭാവിയിലെ പ്രതീക്ഷയാണ്.












Discussion about this post