മലപ്പുറം : ഭാരതത്തിന്റെ ആദ്യ സൗര ദൗത്യം ആദിത്യ- എൽ1 ആകാശം തൊടാനൊരുങ്ങുമ്പോൾ നിർണായക സാന്നിദ്ധ്യം കൊണ്ട് അഭിമാനമാവുകയാണ് മലപ്പുറം മാറാക്കര സ്വദേശി ശ്രീജിത് പടിഞ്ഞാറ്റീരി സൗര ദൗത്യത്തിലെ പ്രധാന പേലോഡുകളിലൊന്നായ സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലസ്കോപ്പ് വികസിപ്പിച്ച ശാസ്ത്ര സംഘത്തിലെ പ്രോജക്ട് സയന്റിസ്റ്റാണ് ശ്രീജിത്. കഴിഞ്ഞ ഏഴു വർഷമായി പ്രോജക്ടിന്റെ ഭാഗമാണ്.
ഏഴ് പേലോഡുകളുമായാണ് ആദിത്യ എൽ 1 കുതിക്കുന്നത്. വിസിബിൾ എമിഷൻ ലൈൻ കൊറോണ ഗ്രാഫ്, സോളാർ അൽട്രാ വയലറ്റ് ഇമേജിംഗ് ടെലസ്കോപ്, സോളാർ ലോ എനർജി എക്സറേ സ്പെക്ട്രോ മീറ്റർ, ഹൈ എനർജി എൽ 1 ഓർബിറ്റിംഗ് എക്സറേ സ്പെക്ട്രോ മീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നറ്റോ മീറ്റർ എന്നിവയാണ് ഈ പേ ലോഡുകൾ. ഇതിൽ നിർണായകമായ സോളാർ അൾട്രാ ഇമേജിംഗ് ടെലസ്കോപ് ( SUIT ) ആണ് ശ്രീജിത് ഉൾപ്പെടുന്ന സംഘം വികസിപ്പിച്ചത്. സൂര്യന്റെ ക്രോമോസ്ഫിയർ , ഫോട്ടോസ്ഫിയർ എന്നിവയുടെ നിരീക്ഷണവും സൂര്യനിൽ നിന്ന് പുറത്തുവരുന്ന അൾട്രാവയലറ്റ് രശ്മികളുടെ പഠനവുമാണ് ടെലസ്കോപിന്റെ പ്രധാന ദൗത്യം.
നാല് മാസത്തെ ഓർബിറ്റ് ട്രാൻസ്ഫറിലൂടെയാണ് ആദിത്യ അതിന്റെ ലക്ഷ്യമായ ലാഗ്രാഞ്ചിയൻ പോയിന്റിലെത്തുന്നത്. ഹാലോ ഓർബിറ്റിലേക്ക് സ്ഥാപിക്കപ്പെടുന്നതോടെ പേ ലോഡുകൾ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീജിത് പറഞ്ഞു. ടെലസ്കോപ് വികസിപ്പിച്ചെടുക്കാൻ വലിയ വെല്ലുവിളി നേരിട്ടിരുന്നു. ഏതെങ്കിലും ഒരു പൊടിയോ മറ്റ് വസ്തുക്കളുടെ അംശമോ ഉൾപ്പെട്ട് പോയാൽ അത് ടെലസ്കോപിന്റെ പ്രവർത്തനത്തെ ബാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഇരട്ട പാളിയുള്ള പ്രത്യേക വസ്ത്രം കൊണ്ട് പൂർണമായും ശരീരം മൂടിയായിരുന്നു പ്രവർത്തിക്കേണ്ടി വന്നതെന്ന് ശ്രീജിത് വ്യക്തമാക്കി.
യു.ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ പി.എച്ച്. ഡി നേടിയിട്ടുള്ള ശ്രീജിത് മണിപ്പാൽ സെന്റർ ഫോർ നാച്വറൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യവേ ആണ് ആദിത്യ പദ്ധതിയുടെ ഭാഗമാകുന്നത്. അച്ഛൻ കൃഷ്ണൻ പടിഞ്ഞാറ്റീരി രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹ സംഘചാലകാണ്. അമ്മ ദേവി. മണിപ്പാലിലെ ചാർട്ടേഡ് അക്കൗണ്ടന്റായ കീർത്തിയാണ് ഭാര്യ. മകൾ മിഹിര.
Discussion about this post