ന്യൂഡൽഹി: ശ്രീഹരിക്കോട്ടയിൽ നിന്നും സൂര്യനിലേക്ക് ഉയർന്നുപറന്ന് ആദിത്യ എൽ 1. സൗരപര്യവേഷണ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. രാവിലെ 11.50 ഓട് കൂടിയായിരുന്നു സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ആദിത്യ എൽ 1 വിക്ഷേപിച്ചത്.
രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എൽവി സി 57 റോക്കറ്റിലായിരുന്നു ആദിത്യ എൽ വൺ വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചിട്ടുള്ളത്. ഇതിന്റെ ഓർബിറ്ററിൽ പേടകത്തെ സ്ഥാപിക്കും. ഇതിന് ശേഷം ആദിത്യ എൽ വൺ സൂര്യനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ആരംഭിക്കും.
സൂര്യന്റെ കൊറോണ, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ചും, സൂര്യ സ്ഫോടനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
365 ദിവസം കൊണ്ടാകും ആദിത്യ എൽ വൺ സൂര്യനെ ചുറ്റിവരുക. രാജ്യത്തിന്റെ ആദ്യ സൗരപര്യവേഷണ ദൗത്യമാണ് ആദിത്യ എൽ 1. ബഹിരാകാശ ഗവേഷണ രംഗത്ത് ഏറെ നിർണായകമായ ദൗത്യം കൂടിയാണ് ഇത്.
Discussion about this post