ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം സംസ്ഥാനങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണെന്ന വാദവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുളള സാദ്ധ്യത പരിശോധിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാനൽ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ രാഹുലിന്റെ പ്രതികരണം.
സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആണ് ഇന്ത്യ അഥവാ ഭാരതം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ആ യൂണിയനും സംസ്ഥാനങ്ങൾക്കും എതിരെയുളള ആക്രമണമാണെന്നാണ് രാഹുലിന്റെ വിലയിരുത്തൽ. രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പുകൾ നടത്തുകയും അതുവഴി ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കാനാണ് എട്ടംഗസമിതിയെ കേന്ദ്രം നിയോഗിച്ചത്.
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് സമിതിയുടെ അധ്യക്ഷൻ. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധീർ രഞ്ജൻ ചൗധരിയെ സമിതിയിൽ ഉൾപ്പെടുത്തിയെങ്കിലും താൻ സമിതിയിലേക്ക് ഇല്ലെന്ന് അമിത്ഷായ്ക്ക് അയച്ച കത്തിൽ ആധീർ രഞ്ജൻ ചൗധരി അറിയിച്ചു. രാഷ്ട്രീയലക്ഷ്യം വെച്ചാണ് കേന്ദ്രം സമിതിയെ നിയോഗിച്ചത് എന്നു കുറ്റപ്പെടുത്തിക്കൊണ്ട് ആയിരുന്നു പിന്മാറ്റം.
എന്നാൽ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ ഒഴിവാക്കിയതിൽ കെ.സി വേണുഗോപാലും പ്രതിഷേധം അറിയിച്ചിരുന്നു. ഉന്നതതല സമിതി വെറും തട്ടിപ്പാണ് എന്നായിരുന്നു കെ.സി വേണുഗോപാലിന്റെ വിമർശനം. പാർലമെന്ററി സംവിധാനത്തെ അട്ടിമറിക്കാൻ കേന്ദ്രം ആസൂത്രിതമായി ശ്രമം നടത്തുന്നതായും ഇൻഡിയ മുന്നണി നേതാക്കൾ ആരോപിക്കുന്നു.








