മുംബൈ: ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്ര അച്ഛനായി. അൽപ്പസമയം മുൻപാണ് ബൂമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷ വാർത്ത ഇരുവരും ഇൻസ്റ്റഗ്രാം വഴിയാണ് പങ്കുവെച്ചത്.
ഞങ്ങളുടെ കൊച്ച് കുടുംബം വളർന്നിരിക്കുന്നു. പ്രതീക്ഷിച്ചതിനേക്കാൾ ആഹ്ലാദഭരിതമാണ് ഹൃദയം. ഈ പ്രഭാതത്തിൽ ഞങ്ങൾ ഞങ്ങളുടെ മകൻ അംഗദ് ജസ്പ്രീത് ബൂമ്രയെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ സന്തോഷം സീമാതീതമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലൂടെയാണ് ഞങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ബൂമ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിലവിൽ ഏഷ്യാ കപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് ബൂമ്ര. നേപ്പാളിനെതിരായ ഇന്നത്തെ നിർണായകമായ ഗ്രൂപ്പ് എ മത്സരത്തിൽ നിന്നും വ്യക്തിപരമായ കാരണങ്ങളാൽ വിട്ടു നിൽക്കുകയാണ് എന്ന് ബൂമ്ര നേരത്തേ അറിയിച്ചിരുന്നു. ദീർഘകാലത്തെ ഇടവേളക്ക് ശേഷം മികച്ച ഫോമിൽ ടീമിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിനൊപ്പം താരത്തിന് ഇരട്ടി മധുരമായിരിക്കുകയാണ് മകന്റെ പിറവി.
Discussion about this post