ന്യൂഡൽഹി : ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഭാരത് മണ്ഡപത്തിൽ നടക്കുന്ന പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കാൻ എത്തുന്ന ലോക നേതാക്കളെ സ്വാഗതം ചെയ്യാനായി AI അവതാർ ഒരുങ്ങുന്നു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ചാണ് പ്രത്യേക പ്രദർശനം നടക്കുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച് മന്ദാരിൻ, ഇറ്റാലിയൻ, കൊറിയൻ, ജാപ്പനീസ് എന്നിവയുൾപ്പെടെ 16 ആഗോള ഭാഷകളിൽ പ്രദർശനത്തെ കുറിച്ചുള്ള വിശദീകരണങ്ങൾ നൽകാനും ഒരുക്കങ്ങൾ പൂർത്തിയായി.
26 ഇന്ററാക്ടീവ് സ്‌ക്രീനുകളിലൂടെ ഇന്ത്യയുടെ ഇതുവരെയുള്ള ജനാധിപത്യ പാരമ്പര്യങ്ങളെ കുറിച്ചുള്ള വിശദമായ ചരിത്രം അതിഥികൾക്ക് കാണാൻ കഴിയുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. എക്സിബിഷൻ ഏരിയയിൽ ആയിരിക്കും AI അവതാർ സജ്ജീകരിച്ചിരിക്കുന്നത്. പ്രദർശനത്തെകുറിച്ചുള്ള ഒരു സംക്ഷിപ്ത അവലോകനം ഈ അവതാർ അതിഥികൾക്ക് നൽകുന്നതാണ്.
കറങ്ങുന്ന ഒരു എലവേറ്റഡ് പോഡിയത്തിൽ നിൽക്കുന്ന ഒരു ഹാരപ്പൻ പെൺകുട്ടിയുടെ മാതൃകയാണ് സജ്ജീകരിക്കുന്നത്. അഞ്ചടി ഉയരത്തിൽ ആയിരിക്കും ഈ മാതൃക രൂപീകരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം 1951-52 കാലഘട്ടത്തിൽ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് മുതൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള ഇന്ത്യയുടെ ജനാധിപത്യ ചരിത്രം ഇവിടെ പ്രദർശിപ്പിക്കപ്പെടും.
Discussion about this post