ഡല്‍ഹി: കൊല്ലത്ത് നടക്കുന്ന മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രോട്ടോക്കോള്‍ വിഷയങ്ങളില്‍ മാത്രമാണ് ് നിര്‍ദേശങ്ങള്‍ നല്‍കാറുള്ളതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊല്ലത്തേത് സ്വകാര്യ ചടങ്ങാണ്. ആര് പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേ സമയം മുഖ്യമന്ത്രിയെ ഒഴിവാക്കിയത് എസ്.എന്‍.ഡി.പിയാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.
ആര്. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് സ്വകാര്യ ചടങ്ങാണെന്ന വാദം തെറ്റാണെന്ന് കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ ആരോപിച്ചു. കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വേണുഗോപാലിന്റെ ആരോപണം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നിഷേധിച്ചു. മുഖ്യമന്ത്രിയെ ക്ഷണിച്ചതും ഒഴിവാക്കിയതും എസ്.എന്‍.ഡി.പിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഒരു സംസ്ഥാനവുമായി ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.
രാവിലെ സഭ സമ്മേളിച്ചതു മുതല്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഇതോടെ പ്രതിപക്ഷ എം.പി കെ.സി വേണുഗോപാല്‍ വിഷയം ഉന്നയിച്ച് രംഗത്തത്തെി. നേരത്തെ മുഖ്യമന്ത്രിയുടെ പേര് അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചുകൊടുത്തതിനുശേഷമാണ് മുഖ്യമന്ത്രിയുടെ പേര് അതില്‍ നിന്നൊഴിവായതെന്നും വേണുഗോപാല്‍ പറഞ്ഞു. ആരാണ് ഇടപെടല്‍ നടത്തിയതെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്നും എം.പി ആവശ്യപ്പെട്ടു.
ഇതിനുളള മറുപടിയായിട്ടാണ് രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഒരു പങ്കുമില്ലെന്നും കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചത് എസ്.എന്‍.ഡി.പിയാണെന്നും അറിയിച്ചത്. ഇതൊരു സ്വകാര്യ ചടങ്ങാണ്. പ്രധാനമന്ത്രിയെ ക്ഷണിച്ചതു കൊണ്ടാണ് അദ്ദേഹം പങ്കെടുക്കുന്നതെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു. ഇതോടെ സഭ വീണ്ടും പ്രതിഷേധത്തില്‍ മുങ്ങി.
Discussion about this post