എടിഎം കാർഡ് ഇല്ലാതെ യുപിഐ വഴിയും ഇനി എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. ഇന്ത്യയിൽ ആദ്യമായി യുപിഐ എടിഎം അവതരിപ്പിച്ചിരിക്കുകയാണ് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം എന്ന പേരിൽ പുതിയ എടിഎമ്മുകൾ വരുന്നത്. ബാങ്കിംഗ് ഇതര സ്ഥാപനങ്ങളായ വൈറ്റ് ലേബൽ എടിഎം വിഭാഗത്തിൽപ്പെട്ടവ ആയിരിക്കും ഈ പുതിയ യുപിഐ എടിഎം സൗകര്യം.
ജപ്പാൻ ആസ്ഥാനമായുള്ള ഹിറ്റാച്ചി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്. എടിഎം കാർഡുകളുടെ ആവശ്യം ഒഴിവാക്കി കാർഡ് രഹിത പണം പിൻവലിക്കലാണ് യുപിഐ എടിഎം വാഗ്ദാനം ചെയ്യുന്നത്. ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും ഒന്നിലധികം അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ-എടിഎമ്മിൽ സൗകര്യമുണ്ടായിരിക്കും.
ബാങ്കിംഗ് സേവനങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് യുപിഐ എടിഎമ്മിന്റെ ആരംഭം. യുപിഐയുടെ സൗകര്യവും സുരക്ഷയും തടസ്സമില്ലാതെ ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ പോലും ലഭ്യമാകുമെന്നതാണ് ഇതിന്റെ സവിശേഷത. ആൻഡ്രോയിഡ് ഒഎസിലാണ് ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ മൂവായിരത്തോളം പ്രദേശങ്ങളിൽ ഹിറ്റാച്ചിയുടെ വൈറ്റ് ലേബൽ എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ക്യാഷ് ഡിപ്പോസിറ്റ് സൗകര്യം നൽകുന്ന ഒരേയൊരു വൈറ്റ് ലേബൽ എടിഎം കൂടിയാണ് ഹിറ്റാച്ചി.












