പാരീസ്: ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
മോദിക്കൊപ്പം മറ്റു രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്താൻ സാധിക്കുമെന്ന് കരുതുന്നതായും ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികളെ എല്ലാ രാജ്യങ്ങൾക്കും ഒന്നിച്ചു നേരിടാൻ വലിയ അവസരമാണ് ജി 20 ഉച്ചകോടി നൽകുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഫ്രാൻസിന്റെ ഭരണതലവൻ എന്ന രീതിയിൽ ലോകരാജ്യങ്ങളുമായി ഇമ്മാനുവൽ മാക്രോൺ നടത്തുന്ന ചർച്ചകൾ തുടരാനുളള അവസരം കൂടിയാണ് ജി 20 ഉച്ചകോടിയെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ലോകരാജ്യങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട ഒട്ടനവധി കാര്യങ്ങളിൽ പുരോഗതി കൈവരിക്കാൻ ഡൽഹിയിലെ ജി 20 ചർച്ചകൾ വഴിയൊരുക്കും. ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് പുരോഗതി കൈവരിക്കാൻ ഇതിലൂടെ മാത്രമേ സാധിക്കൂ. ആഗോള സാമ്പത്തിക കരാറിനായി പാരീസിൽ നടത്തിയ ഉച്ചകോടിയുടെ തുടർ ചർച്ചകൾക്കും ജി 20 ഉച്ചകോടി വേദിയാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ദാരിദ്ര്യനിർമ്മാർജ്ജനം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ഡിജിറ്റൽ മേഖലയിലെ നിയന്ത്രണങ്ങൾ, സമാധാനവും സ്ഥിരതയും ഉറപ്പിക്കൽ തുടങ്ങിയ ആഗോള വെല്ലുവിളികൾ നേരിടാനുളള ബഹുമുഖ കർമ്മ പദ്ധതിക്ക് ഇത് വഴിയൊരുക്കുമെന്നും മാക്രോണിന്റെ ഓഫീസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
2022 ഡിസംബറിൽ ഭാരതം ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ ആദ്യം അഭിനന്ദനവുമായി എത്തിയ ലോകനേതാക്കളിൽ ഒരാളാണ് മാക്രോൺ. മോദിയോടൊത്തുള്ള ചിത്രം മാക്രോൺ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ലോകസമാധാനത്തിന് ഒന്നിച്ചു പ്രവർത്തിക്കാൻ സുഹൃത്ത് മോദിയെ ഈ പദവി പ്രാപ്തമാക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അന്ന് ട്വിറ്ററിൽ കുറിച്ചു.
ഡൽഹിയിൽ നടക്കുന്ന ജി 20 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാക്രോൺ ഉഭയകക്ഷി സന്ദർശനത്തിനായി ബംഗ്ലാദേശിലേക്ക് പോകും. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തും. ഫ്രാൻസിന്റെ ഇന്തോ-പസഫിക് നയം ഉൾപ്പെടെ ഈ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
Discussion about this post