ന്യൂഡൽഹി: ജഡ്ജിയ്ക്ക് ഒരിക്കലും കണ്ണുകളടച്ച് റോബോട്ടിനെ പോലെ നിശബ്ദ കാഴ്ചക്കാരനാകാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ബലാത്സംഗ കേസിൽ വധശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഒരു ജഡ്ജി നീതിമാനും നിഷ്പക്ഷനും ആയിരിക്കണം, എന്നാൽ അതിനർത്ഥം അവർ കേവലം കണ്ണുകൾ അടച്ച് ഒരു റോബോട്ടിനെപ്പോലെ,ഒരു നിശബ്ദ കാഴ്ചക്കാരനാകുമെന്ന് അർത്ഥമാക്കുന്നില്ലെന്നായിരുന്നു കോടതി പരാമർശം.
2015ൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതിയെയും പട്ന ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു.വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി, അന്വേഷണത്തിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് മാറ്റി.
2015 ജൂൺ ഒന്നിന് ബീഹാറിലെ ഭഗൽപൂർ ജില്ലയിലെ വീട്ടിൽവെച്ച് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ
അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ ബിആർ ഗവായ്, ജെബി പർദിവാല, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. ഈ വീഴ്ച മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് കുറ്റപ്പെടുത്തിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാട്ടി.
സംഭവദിവസം പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയാണ് പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ ഇത് അന്വേഷിക്കുക പോലും ചെയ്യാതെ പെൺകുട്ടിയുടെ വീട്ടിൽ വന്ന് ടിവി കാണാനായി ക്ഷണിച്ച ഹർജിക്കാരനായ യുവാവ് തന്നെയാണ് കുറ്റക്കാരനാണെന്ന് കാണിച്ച് വിചാരണക്കോടതിയും ഹൈക്കോടതിയും നടപടി സ്വീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു.
ജഡ്ജി സ്വന്തം കണ്ണുകൾ അടച്ച് നിശബ്ദനായ കാഴ്ചക്കാരനാകും, ഒരു റോബോട്ടിനെപ്പോലെയോ റെക്കോർഡിംഗ് മെഷീനെപ്പോലെയോ കക്ഷികൾ നൽകുന്നതെന്തും ചെയ്യുമെന്ന് ഇതിനർത്ഥമില്ലെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു.
Discussion about this post