ചെന്നൈ: കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്ന സയ്യിദ് നബീൽ അഹമ്മദാണ് അറസ്റ്റിലായത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ചെന്നൈയിൽ നിന്നുമാണ് എൻഐഎ ഇയാളെ പിടികൂടിയത്.
തൃശ്ശൂരിലും പാലക്കാട് ഉൾപ്പെടെയുള്ള സമീപ ജില്ലകളിലും ഭീകരാക്രമണം നടത്താൻ ആയിരുന്നു സയ്യിദിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എൻഐഎയ്ക്ക് വിവരം ലഭിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ആഴ്ചകളായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ. എന്നാൽ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് നിർണായക നീക്കത്തിനൊടുവിൽ ചെന്നൈയിൽ വച്ച് സയ്യിദിനെ പിടികൂടിയത്.
നേപ്പാളിലേക്ക് കടക്കാൻ ആയിരുന്നു സയ്യിദിന്റെ ശ്രമം. ഇതിനായുള്ള രേഖകൾ ഉൾപ്പെടെ തയ്യാറാക്കി വരുന്നതിനിടെയാണ് സയ്യിദ് പിടിയിലായത്. ഈ രേഖകൾ എൻഐഎ പിടിച്ചെടുത്തു. പാസ്‌പോർട്ട്, മൊബൈൽ ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിക്കുകയാണ്.
ഈ വർഷം ജൂണിലായിരുന്നു കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചത്. മറ്റൊരു കേസിൽ ഇസ്ലാമിക് ഭീകരൻ ആഷിഫ് തമിഴ്‌നാട്ടിൽ നിന്നും പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. ഇതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. കേരളത്തിൽ നിന്നും കടന്ന സയ്യിദ് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത് എന്ന് എൻഐഎ വ്യക്തമാക്കി.
Discussion about this post