ജക്കാര്‍ത്ത : ഇന്ത്യയേയും ആസിയാനെയും കൂടുതല്‍ അടുപ്പിക്കുന്നത് ചരിത്രപരമായും ഭൂമിശാസ്ത്രപരമായുമുള്ള ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാനുമായുള്ള ഇന്ത്യയുടെ ബന്ധം ദൃഢമാക്കുന്നതിന് ഈ ഉച്ചകോടി പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പദ്ധതിയുടെ പ്രധാന കേന്ദ്രം ആസിയാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസിയാന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഏഷ്യയുടെ നൂറ്റാണ്ടെന്ന് വിളിച്ച പ്രധാനമന്ത്രി ആസിയാന്‍ ‘ആക്ട് ഈസ്റ്റ് പദ്ധതിയുടെ നെടും തൂണാണെന്നും ചൂണ്ടിക്കാട്ടി. ‘ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ആസിയാന്‍ വളര്‍ച്ചയുടെ പ്രഭവ കേന്ദ്രമാണ്. കൂടാതെ ഇന്ത്യയുടെ ഇന്തോ- പസഫിക് നയതന്ത്ര ബന്ധത്തിന് സുപ്രധാന പങ്കാണ് ആസിയാന്‍ വഹിക്കുന്നത്. ഇന്ത്യ-ആസിയാന്‍ പങ്കാളിത്തം നാല്‍പ്പത് വര്‍ഷം പിന്നിട്ടിരിക്കുന്ന വേളയില്‍ പ്രാദേശിക ഐക്യം, സമാധാനം, സമൃദ്ധി തുടങ്ങിയവയില്‍ നാം പങ്കിട്ട വിശ്വാസം നമ്മെ കൂടുതല്‍ ശക്തമാക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
ആസിയാന്‍ ഉച്ചകോടി സംഘടിപ്പിച്ചതിന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയോട് വളരെയധികം നന്ദിയുണ്ട്. കോവിഡിന് ശേഷമുള്ള ഒരു നിയമാധിഷ്ഠിത ലോകക്രമം കെട്ടിപ്പടുക്കേണ്ടതിനും മനുഷ്യ ക്ഷേമത്തിനുമായി എല്ലാവരുടെയും കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ആഗോള തലത്തില്‍ നിരവധി രാജ്യങ്ങളില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും ആസിയാന്‍ കൂട്ടായ്മ പരസ്പരം സഹകരണത്തോടെ എല്ലാ മേഖലകളില്‍ മുന്നോട്ട് കുതിക്കുകയാണ്. ആഗോള വികസനത്തില്‍ ആസിയാന്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ലോകം മുഴുവന്‍ ഇന്ന് ആസിയാന്‍ രാജ്യങ്ങളുടെ വാക്കുകള്‍ കേള്‍ക്കുകയും പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഇന്ത്യയേയും ആസിയാന്‍ രാജ്യങ്ങളേയും പുരോഗതിയിലേക്ക് നയിക്കാന്‍ ഈ ഉച്ചകോടിയിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും നരേന്ദ്ര മോദി വ്യക്തമാക്കി.
വസുധൈവ കുടുംബകം-ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി, എന്നതാണ് ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 യുടെ പ്രമേയം. എല്ലാ വികസ്വര രാജ്യങ്ങളുടെയും അഭിപ്രായം പ്രതിഫലിപ്പിക്കുന്നതിനാണ് ഇന്ത്യ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്. 2022-ല്‍ ഇന്ത്യ-ആസിയാന്‍ സൗഹൃദ ദിനം ആഘോഷിക്കുകയും ഉഭയകക്ഷി ബന്ധം ശക്തമാക്കുകയും ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആസിയാന്‍ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ജക്കാര്‍ത്തയിലെത്തിയത്. പുലര്‍ച്ചെ ജക്കാര്‍ത്ത വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം നല്‍കിയത്. ജക്കാര്‍ത്തയില്‍ നടന്ന ഇരു ഉച്ചകോടികളിലും പങ്കെടുത്ത് ശേഷം ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
Discussion about this post